ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ബിജെപിയോട് പക്ഷപാതം കാട്ടുന്നുവെന്ന ആരോപണം ആവര്‍ത്തിച്ച് ശരിവയ്ക്കുന്നതാണ് പരിഷ്‌കരിച്ച ബിഹാര്‍ വോട്ടര്‍ പട്ടികയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. വോട്ടര്‍ പട്ടിക പരിഷ്‌കരണം സംബന്ധിച്ച് ജൂണ്‍ 24 ലെ പ്രഖ്യാപനത്തിന് മുമ്പ് രാഷ്ട്രീയ പാര്‍ടികളുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നില്ല. ഇത് അതുവരെയുണ്ടായിരുന്ന വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിരുന്നു. തീവ്ര പുനഃപരിശോധനയ്ക്കായി ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമാണ്. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്തം ആര്‍ട്ടിക്കിള്‍ 326 പ്രകാരം തെരഞ്ഞെടുപ്പ് കമീഷനില്‍ നിക്ഷിപ്തമാണ്. അതിനാല്‍ തന്നെ പരിശോധിച്ചുറപ്പിച്ച എതിര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കരട് പട്ടികയില്‍ നിന്ന് പേരുകള്‍ ഇല്ലാതാക്കാന്‍ കഴിയൂ എന്നും സിപിഎം പ്രസ്താവനയില്‍ അറിയിച്ചു.

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ വീടുകള്‍ തോറുമുള്ള പരിശോധനയാണ് കമീഷന്‍ നിര്‍ദേശിച്ചത്. അതോടൊപ്പം കമീഷന്‍ നിര്‍ദേശിക്കുന്ന പതിനൊന്ന് രേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കുകയും വേണം. എന്നാല്‍ പുതുതായുള്ള നടപടിക്രമമായിരുന്നതിനാല്‍ ഇവയില്‍ പലതും ബിഹാറിലെ ആളുകളുടെ പക്കലില്ല. അതിനാല്‍ രേഖകളില്ലാത്തയാളുകളെ ഇന്ത്യന്‍ പൗരന്മാരല്ലെന്ന് കണക്കാക്കി പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇത് ആര്‍ട്ടിക്കിള്‍ 326 പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന വോട്ടവകാശത്തിന്റെ സാര്‍വത്രികതയുടെ പൂര്‍ണമായ ലംഘനമായിരുന്നു. വിഷയം സംബന്ധിച്ച് പ്രതിപക്ഷ പാര്‍ടികള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് കമീഷനെ കണ്ടു. പക്ഷേ ഇത്രയുമധികമാളുകള്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്ന, ഭീഷണിയുയര്‍ത്തുന്ന സാഹചര്യം ശരിയാക്കുമെന്ന് യാതൊരു ഉറപ്പും കമീഷന്‍ നല്‍കിയില്ല. പൗരന്മാരുടെ വോട്ടവകാശം സംരക്ഷിക്കാന്‍ പ്രതിപക്ഷം നീക്കങ്ങള്‍ നടത്തി. തുടര്‍ന്ന് വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ പുറത്തായ 65 ലക്ഷം ആളുകളുടെ പേരുകളും, അവര്‍ എന്തുകൊണ്ട് പുറത്തായി എന്ന കാരണവും വ്യക്തമാക്കാന്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിര്‍ദ്ദേശിച്ചു.

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലുടനീളം സുതാര്യത നിലനിര്‍ത്തുന്നതില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പരാജയപ്പെട്ടു. വോട്ടവകാശം നിഷേധിക്കപ്പെട്ടവരില്‍ ഗണ്യമായ പങ്കും ന്യൂനപക്ഷ സമുദായങ്ങള്‍, സ്ത്രീകള്‍, ദരിദ്ര കുടുംബങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഈ പ്രക്രിയയില്‍ ബിഹാറിലെ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ട്. വോട്ടര്‍ പട്ടികയില്‍ നുഴഞ്ഞുകയറിയവര്‍ എന്നാണ് ഒഴിവാക്കപ്പെട്ട ആളുകളെക്കുറിച്ച് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ചെങ്കോാട്ടയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ആ പ്രസം?ഗത്തിലൂടെ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന മോദിയുടെ നീക്കം വ്യക്തമായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളൂരു നിയമസഭാ മണ്ഡലങ്ങളിലൊന്നില്‍ നടന്ന വന്‍ 'വോട്ട് മോഷണം' പരിഹരിക്കുന്നതിലും തെരഞ്ഞെടുപ്പ് കമീഷന്‍ പരാജയപ്പെട്ടു. ഇതോടെ സ്വതന്ത്രമായ പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ട ഭരണഘടനാ സ്ഥാപനമായ കമീഷനെതിരെ ആശങ്കകള്‍ വര്‍ദ്ധിച്ചുവരികയാണ്. കമീഷന്റെ പക്ഷപാതപരമായ സമീപനം ജനങ്ങള്‍ക്കിടയില്‍ പ്രചാരണത്തിലൂടെ തുറന്നുകാട്ടണമെന്നും സിപിഐഎം പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. വോട്ടര്‍പ്പടികയുടെ തീവ്ര പുനഃപരിശോധനയെന്ന പേരില്‍ നടത്തിയ പരിഷ്‌കരണത്തിനെതിരെ പാര്‍ലമെന്റിലും പുറത്തും, ഡല്‍ഹിയിലും പൊതുജനങ്ങള്‍ക്കിടയിലും പ്രതിഷേധം അലയടിച്ചു. ഈ വിഷയത്തില്‍ സ്വീകരിക്കേണ്ട സംയുക്ത നിലപാട് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യ കൂട്ടായ്മ യോഗം ചേര്‍ന്നു. ബിഹാറിലെ 25 ജില്ലകളെ ഉള്‍പ്പെടുത്തി 16 ദിവസത്തെ 'വോട്ടര്‍ അധികാര്‍ യാത്ര' നടത്താന്‍ ഇന്ത്യ കൂട്ടായ്മ തീരുമാനിച്ചു. സെപ്റ്റംബര്‍ 1ന് പട്നയില്‍ നടക്കുന്ന വന്‍ പൊതു റാലിയോടെ സമാപിക്കും.