കാക്കിനഡ: ആന്ധ്രാപ്രദേശിലെ കാക്കിനഡ ജില്ലയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണസംഖ്യ 22ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഞായറാഴ്ച മരണത്തിന് കീഴടങ്ങിയതോടെയാണിത്.

ശനിയാഴ്ച ഉച്ചയ്ക്ക് വെട്ലപാലം ഗ്രാമത്തിലെ സൂര്യശ്രീ ഫയര്‍വര്‍ക്‌സ് എന്ന യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 20പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. നാല് പേര്‍ക്ക് 90ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.

മരിച്ചവരില്‍ 9സ്ത്രീകളും ഫാക്ടറി ഉടമയും ഉള്‍പ്പെടുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വെറും 8പേര്‍ക്ക് മാത്രം അനുമതിയുള്ള ഫാക്ടറിയില്‍ 30-ലധികം പേരാണ് സ്‌ഫോടനസമയത്ത് ജോലി ചെയ്തിരുന്നത്.