ഭോപ്പാല്‍ : മധ്യപ്രദേശിലെ ദാമോഹില്‍ യുവതിയെ മുതല കടിച്ചുകൊന്നു. വെള്ളി രാവിലെയാണ് സംഭവം. നദിക്കരയില്‍ ഇരിക്കുകയായിരുന്ന മാല്‍തി ബായ് എന്ന നാല്‍പ്പതുകാരിയെയാണ് മുതല കടിച്ചുകൊന്നത്. കണിയാഗട്ട് പാട്ടി ഗ്രാമത്തിലെ നദിയില്‍ കുളിക്കാന്‍ പോയതായിരുന്നു മാല്‍തി ബായി എന്ന് നാട്ടുകാര്‍ പറഞ്ഞു. നദിക്കരയില്‍ ഇരിക്കുന്നതിനിടെയാണ് മാല്‍തിയെ മുതല ആക്രമിച്ചത്. കാലില്‍ കടിച്ചുവലിച്ച് നദിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആര്‍ എല്‍ ബാഗ്രി പറഞ്ഞു.

മാല്‍തിയെ രക്ഷിക്കാന്‍ ഗ്രാമവാസികള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വനം വകുപ്പും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള നദിയില്‍ നിന്ന് എസ്ഡിആര്‍എഫ് സംഘം സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാല്‍തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മുതലകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതിനാല്‍ ഗ്രാമവാസികള്‍ നദിയിലിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കി വനംവകുപ്പ് ജലാശയത്തിന് സമീപം ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.