- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമര്‍ ഖാലിദിന് വേഗത്തിലുള്ള വിചാരണക്ക് അവകാശമുണ്ട്; നിശ്ചിത സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍, തടവ് എന്നത് തന്നെ ഒരു ശിക്ഷയായി മാറും: ഡി വൈ ചന്ദ്രചൂഢ്
ഉമര്‍ ഖാലിദിന് വേഗത്തിലുള്ള വിചാരണക്ക് അവകാശമുണ്ട്

ജയ്പൂര്‍: വേഗത്തിലുള്ള വിചാരണക്ക് ഉമര്‍ ഖാലിദിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഇക്കാര്യം കോടതികള്‍ പരിഗണിക്കണമെന്നും ചന്ദ്രചൂഢ് പറഞ്ഞു. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വീര്‍ സാങ്വിയുമായുള്ള സംവാദത്തിലാണ് ചന്ദ്രചൂഢിന്റെ പ്രതികരണം.
ജാമ്യം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്താം. ഉമര്‍ ഖാലിദിന്റെ നീണ്ടുനില്‍ക്കുന്ന തടവിനെക്കുറിച്ചുള്ള ചോദ്യത്തോട് വളരെ സൂക്ഷ്മതയോടെയാണ് ചന്ദ്രചൂഢ് പ്രതികരിച്ചത്. ''ഞാന്‍ എന്റെ കോടതിയെ വിമര്‍ശിക്കുകയല്ല, പൊതുജനസമ്മര്‍ദമോ മുന്‍വിധികളോ നോക്കിയല്ല, മറിച്ച് തങ്ങളുടെ മുന്നിലുള്ള തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ജഡ്ജിമാര്‍ ജാമ്യത്തില്‍ തീരുമാനമെടുക്കേണ്ടത്. നിശ്ചിത സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍, തടവ് എന്നത് തന്നെ ഒരു ശിക്ഷയായി മാറുന്നു. ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തില്‍ വേഗത്തിലുള്ള വിചാരണക്കുള്ള അവകാശവും ഉള്‍പ്പെടുന്നു, ജാമ്യം നിയന്ത്രിക്കുന്ന നിയമങ്ങള്‍ക്കുപോലും ഭരണഘടനാപരമായ ഉറപ്പുകളെ മറികടക്കാന്‍ കഴിയില്ല''- ചന്ദ്രചൂഢ് വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ വേഗത്തിലുള്ള വിചാരണ സാധ്യമല്ലെങ്കില്‍, ജാമ്യം എന്നത് അപവാദമല്ല, അതൊരു നിയമമായിരിക്കണമെന്ന് ചന്ദ്രചൂഢ് പറഞ്ഞു. ജാമ്യാപേക്ഷകളില്‍ തീരുമാനമെടുക്കുമ്പോള്‍ ദേശീയ സുരക്ഷ എന്ന അവകാശവാദത്തിന് മുന്നില്‍ കോടതികള്‍ അന്ധമായി കീഴടങ്ങണം എന്ന ആശയത്തെ അദ്ദേഹം തള്ളി. ദേശീയ സുരക്ഷ യഥാര്‍ഥത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ദീര്‍ഘകാലത്തെ തടവ് നീതീകരിക്കത്തക്കതാണോ എന്നും പരിശോധിക്കാന്‍ കോടതികള്‍ക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം, ശിക്ഷിക്കപ്പെടാതെ തന്നെ വ്യക്തികള്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വരും, ഇത് നീതിയുടെ തന്നെ വക്രീകരണമാണ്.
തന്റെ ഭരണകാലത്ത് സുപ്രിംകോടതി ഏകദേശം 21,000 ജാമ്യാപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും, ഇതില്‍ പൊതുശ്രദ്ധ നേടാത്ത നിരവധി കേസുകള്‍ ഉള്‍പ്പെടുന്നുണ്ടെന്നും ചന്ദ്രചൂഢ് പറഞ്ഞു. പൊജനരോഷം തൃപ്തിപ്പെടുത്തുകയല്ല, മറിച്ച് ഭരണഘടനാപരമായ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് കോടതിയുടെ ദൗത്യം. ജാമ്യം തടയാവുന്ന മൂന്ന് സാഹചര്യങ്ങളാണുള്ളത്. പ്രതി കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ജാമ്യം നല്‍കരുത്. ഈ കാരണങ്ങള്‍ ഇല്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് മുന്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.


