മാമല്ലപുരം: ഒരു വിവാഹസത്കാരത്തിനിടെ നൃത്തം ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ യുവതിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ മാമല്ലപുരത്ത് ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. കാഞ്ചീപുരം സ്വദേശിനിയായ ജീവയാണ് (30) മരിച്ചത്.

തൻ്റെ സുഹൃത്തിൻ്റെ മകന്റെ വിവാഹച്ചടങ്ങിൽ ഭർത്താവ് ജ്ഞാനത്തോടൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു ജീവ. പ്രമുഖ തമിഴ് പിന്നണി ഗായകനായ വേൽമുരുഗൻ നയിച്ച സംഗീത പരിപാടി വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. വേദിയിൽ കാണികളെയും നൃത്തം ചെയ്യാൻ ക്ഷണിച്ചതോടെ ജീവയും മറ്റുചിലരും നൃത്തത്തിനായി വേദിയിലേക്കെത്തി. നൃത്തം ചെയ്യുന്നതിനിടെയാണ് പെട്ടെന്ന് ജീവ കുഴഞ്ഞുവീണത്.

ഉടൻ തന്നെ ജീവക്ക് പ്രാഥമിക ശുശ്രൂഷ നൽകി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീവ നൃത്തം ചെയ്യുന്നതും തുടർന്ന് കുഴഞ്ഞുവീഴുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ദാരുണ സംഭവത്തിൻ്റെ വിശദമായ അന്വേഷണം നടന്നു വരികയാണ്.