- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ കുടുംബത്തിലെ 5 പേരുടെ മൃതദേഹം കണ്ടെത്തി; വാഹനത്തിൽ നിന്നും കുറിപ്പ് കണ്ടെടുത്തു; കടക്കെണി കാരണമുണ്ടായ ആത്മഹത്യയെന്ന് സംശയം
ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങൾ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് ട്രിച്ചി-കാരൈക്കുടി ദേശീയപാതയിൽ കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ നമനസമുദ്രത്തിൽ ഇതേ സ്ഥലത്ത് കാർ പാർക്ക് ചെയ്യുന്നത് കണ്ട നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവരിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം ആത്മഹത്യ ചെയ്‌തതാവം എന്ന നിഗമനത്തിലാണ് പോലീസ്.
പ്രാഥമിക അന്വേഷണത്തിൽ മരണപ്പെട്ടവർ സേലം സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 50 കാരനായ വ്യവസായി മണികണ്ഠൻ, ഭാര്യ നിത്യ, അമ്മ സരോജ, അവരുടെ രണ്ട് കുട്ടികൾ എന്നിവർ വിഷം കഴിച്ചതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
വ്യവസായിയായ മണികണ്ഠൻ കടക്കെണിയിലായിരുന്നെന്നാണ് റിപ്പോർട്ട്. കാറിൽ നിന്ന് ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുടുംബം കടക്കെണിയിലായിരുന്നതിനാൽ പണമിടപാടുകാരിൽ നിന്നും ഭീക്ഷണിയോ സമ്മർദ്ദമോ നേരിട്ടിരുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പുതുക്കോട്ട സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ടുകൾ പുറത്ത് വന്നതിനു ശേഷം മരണ കാരണം സ്ഥിരീകരിക്കാനാവുമെന്നും, ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.