- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂര്‍ഖനും ശംഖുവരയനും പോലുള്ള പാമ്പുകളില്‍ നിന്ന് ചത്ത ശേഷവും കടിയേല്‍ക്കാനുള്ള സാധ്യത ഉണ്ടെന്ന് പഠനം; പാമ്പിന്റെ തല വെട്ടിമാറ്റിയാലും നാലു മുതല്‍ ആറു മണിക്കൂര്‍ വരെ തലച്ചോര്‍ പ്രവര്‍ത്തിക്കും; പഠനം അസമില്‍ നടന്ന മൂന്ന് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍
ഗുവാഹത്തി: മൂര്‍ഖനും ശംഖുവരയനും പോലുള്ള പാമ്പുകള്‍ ചത്ത ശേഷവും ആറു മണിക്കൂര്‍ വരെ വിഷം പുറന്തള്ളാനും കടിയേല്‍പ്പിക്കാനുമുള്ള ശേഷിയുണ്ടെന്ന് പുതിയ പഠനം. ഫ്രണ്ടിയേഴ്സ് ഇന്‍ ട്രോപ്പിക്കല്‍ ഡിസീസ് എന്ന രാജ്യാന്തര ശാസ്ത്രജേണലിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. സുവോളജിസ്റ്റ് സുസ്മിത ഥാക്കൂര്‍, ബയോടെക്നോളജിസ്റ്റ് റോബിന്‍ ദോലെ, അനസ്തേഷ്യോളജിസ്റ്റ് സുരജിത് ഗിരി, പീഡിയാട്രീഷ്യന്മാരായ ഗൗരവ് ചൗധരി, ഹെമിന്‍ നാഥ് എന്നിവര്‍ ഉള്‍പ്പെട്ട ഗവേഷക സംഘമാണ് പഠനം നടത്തിയത്.
അസമില്‍ നടന്ന മൂന്നു സംഭവങ്ങളാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടെണ്ണം മൂര്‍ഖന്‍ പാമ്പിന്റെയും ഒന്ന് ശംഖുവരയന്റെയും ചത്ത ശേഷവും കടിയേറ്റതിന്റെ പശ്ചാത്തലത്തിലാണ് പഠനം നടത്തിയത്. കടിയേറ്റവര്‍ക്ക് 20 ഡോസ് ആന്റിവെനം നല്‍കിയാണ് രോഗികളെ രക്ഷപ്പെടുത്തിയത്. 25 ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. റാറ്റില്‍ സ്നേക്, കോപ്പര്‍ഹെഡ്, സ്പിറ്റിങ് കോബ്ര, ഓസ്ട്രേലിയന്‍ റെഡ് ബെല്ലീഡ് ബ്ലാക്ക് സ്നേക് എന്നിവയ്ക്ക് ചത്ത ശേഷവും കടിക്കാന്‍ കഴിവുണ്ടെന്ന് അറിയപ്പെട്ടിരുന്നുവെങ്കിലും, മൂര്‍ഖനും ശംഖുവരയനും അത്തരമൊരു ശേഷിയുണ്ടെന്ന് ലോകത്ത് ആദ്യമായി തെളിയിക്കപ്പെട്ടത് അസമിലാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
പാമ്പുകളില്‍ ഇത് സംഭവിക്കുന്നത് അവരുടെ ശാരീരിക ഘടനയുമായി ബന്ധപ്പെട്ടതാണ്. ഉഷ്ണരക്തമുള്ള ജീവികള്‍ക്ക് മരിച്ചാലും തലച്ചോര്‍ പരമാവധി ഏഴ് മിനിറ്റ് മാത്രമേ സജീവമായി തുടരുകയുള്ളൂ. എന്നാല്‍ പാമ്പുകള്‍ പോലുള്ള തണുത്ത രക്തമുള്ള ജീവികളില്‍ ഉപാപചയം വളരെ സാവധാനമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തല വെട്ടിമാറ്റിയാലും നാലു മുതല്‍ ആറു മണിക്കൂര്‍ വരെ തലച്ചോര്‍ പ്രവര്‍ത്തനക്ഷമമായി തുടരും.
ഇതിലൂടെ റിഫ്ലക്സ് പ്രവര്‍ത്തനമായി കടിയുണ്ടാകാനും വിഷം വമിക്കാനും സാധ്യതയുണ്ടെന്നതാണ് കണ്ടെത്തല്‍. പാമ്പുകടിയേറ്റവരുടെ ചികിത്സയില്‍ പുതുതായി പരിഗണിക്കേണ്ട നിര്‍ണായക വിവരം തന്നെയാണ് ഈ പഠനം തുറന്നുകാട്ടുന്നത് എന്ന് ഡോ. സുരജിത് ഗിരി പറഞ്ഞു.