ന്യൂഡല്‍ഹി: ദീപാവലി പടക്കംപൊട്ടിച്ച് ആഘോഷിച്ചതോടെ രാജ്യതലസ്ഥാനത്ത് വായുനിലവാരം കൂടുതല്‍ മോശമായി. പലയിടത്തും വായുനില 'ഗുരുതര' വിഭാഗത്തിലാണ്. വെള്ളിയാഴ്ച രാവിലെ അന്തരീക്ഷമാകെ പുകമഞ്ഞും നിറഞ്ഞുനിന്നു. വരുന്ന ഒരാഴ്ചത്തേക്ക് വായുനിലവാരം 'വളരെ മോശം' വിഭാഗത്തിലായിരിക്കുമെന്നാണ് കാലാവസ്ഥാപ്രവചനം.

മൂന്നുവര്‍ഷത്തിനിടെ ഡല്‍ഹിയില്‍ വായുമലിനീകരണം ഏറ്റവുംകൂടിയ ദീപാവലിയായിരുന്നു ഇത്തവണത്തേത്. വെള്ളിയാഴ്ച രാവിലെ വായുനിലവാര സൂചികയില്‍ 362 രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഇത് 218 മാത്രമായിരുന്നു. 2022-ലാകട്ടെ 312 ആയിരുന്നു. സൂചിക 301-400 ആയിരിക്കുമ്പോഴാണ് 'വളരെ മോശം' വിഭാഗമാവുന്നത്. 201-300 'മോശം' വിഭാഗമാണ്. ദീപാവലിദിനത്തില്‍ തീപ്പിടിത്തമുണ്ടായതായി 318 ഫോണ്‍ കോളുകള്‍ വന്നെന്ന് ഡല്‍ഹി അഗ്‌നിരക്ഷാസേന അറിയിച്ചു. 13 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന കണക്കാണിത്. എല്ലാവരും പൂര്‍ണമായി സഹകരിച്ചിരുന്നെങ്കില്‍ വായുനിലവാരം മെച്ചപ്പെട്ടേനെയെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

അതേസമയം, പടക്കംപൊട്ടിക്കലല്ല തകര്‍ന്ന റോഡുകളാണ് വായുമലിനീകരണത്തിന് കാരണമെന്ന് ബി.ജെ.പി. നേതാക്കള്‍ ആരോപിച്ചു. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പടക്കനിരോധനം എടുത്തുകളയുമെന്നും ബി.ജെ.പി. വാഗ്ദാനംചെയ്യുന്നു. സുപ്രീംകോടതി നിര്‍ദേശമാണ് നടപ്പാക്കുന്നതെന്നും പരിസ്ഥിതിസംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും എ.എ.പി. പറയുന്നു.