- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജാതകം വയസ് തെളിയിക്കുന്ന രേഖയല്ല'; പോക്‌സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കി ഡല്‍ഹി ഹൈക്കോടതി
'ജാതകം വയസ് തെളിയിക്കുന്ന രേഖയല്ല'; പോക്‌സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ജാതകമോ, വാക്‌സിനേഷന്‍ കാര്‍ഡോ ജനന തിയതി തെളിയിക്കാനുള്ള ആധികാരിക രേഖയായി കണക്കാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു. പോക്‌സോ കേസുകളില്‍ അതിജീവിതയുടെ വയസ് തെളിയിക്കുക എന്നത് നിര്‍ണ്ണായകമാണ്. എന്നാല്‍ ഈ കേസില്‍ അത് കൃത്യമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ജനനത്തീയതി തെളിയിക്കാന്‍ ജാതകം, വാക്‌സിനേഷന്‍ കാര്‍ഡ് എന്നിവ ആധികാരിക രേഖകളായി കണക്കാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് നവീന്‍ ചൗള, ജസ്റ്റിസ് രവീന്ദര്‍ ദുഡേജ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജാതകത്തിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി സ്‌കൂള്‍ രേഖകളില്‍ ചേര്‍ത്ത പ്രായവും തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
2013 ജനുവരിയില്‍ 16 വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. ഐപിസി പ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് പൊലീസ് കേസ് എടുത്തിരുന്നത്. 2019 ജൂലൈയില്‍ വിചാരണ കോടതി പ്രതിയെ എല്ലാ ചാര്‍ജുകളില്‍ നിന്നും കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഇപ്പോള്‍ വിധി പറഞ്ഞത്.
പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴികളില്‍ കാര്യമായ വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും ഉണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്ത സ്ഥലവും രീതിയും സംശയാസ്പദമാണെന്നും കോടതി വിലയിരുത്തി. പ്രതിയുടെ കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും വിചാരണ കോടതിയുടെ കണ്ടെത്തലുകള്‍ നിയമവിരുദ്ധമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.


