ന്യൂഡല്‍ഹി: മിനിമം ഹാജര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു നിയമ വിദ്യാര്‍ഥിയെയും പരീക്ഷ എഴുതുന്നത് കോളജുകള്‍ തടയരുതെന്ന് ഉത്തരവിട്ട് ഡല്‍ഹി ഹൈകോടതി. നിയമ ബിരുദ കോളജുകളിലെ ഹാജരുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ച ഹൈകോടതി ഹാജര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് നിര്‍ദേശിച്ചു.

ഹാജര്‍ കുറവ് കാണിച്ച് വിദ്യാര്‍ഥികള്‍ക്ക് അടുത്ത സെമസ്റ്ററിലേക്ക് പ്രമോഷന്‍ നല്‍കാതിരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. 2016ല്‍ മതിയായ ഹാജരില്ലെന്ന് കാണിച്ച് സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത ഹരജിയിലാണ് ഉത്തരവ്.

ജസ്റ്റിസ് പ്രഭിത സിങ് എം, അമിത് ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്. പൊതു വിദ്യാഭ്യാസത്തിലെയും നിയമ വിദ്യാഭ്യാസത്തിലെയും മാനദണ്ഡങ്ങള്‍ വിദ്യാഥികളുടെ മാനസിക നില തകര്‍ക്കുന്ന വിധം കര്‍ക്കശമാക്കരുതെന്നാണ് ബെഞ്ചിന്റെ നിരീക്ഷണം.