ന്യൂഡല്‍ഹി: യാത്ര ചെയ്യാന്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് പലപ്പോഴും അബദ്ധം പറ്റാറുണ്ട്. പലപ്പോഴും യാത്രാദൂരത്തിനുള്ള നിശ്ചിത നിരക്കിനേക്കാള്‍ കൂടുതല്‍ ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നത് തര്‍ക്കത്തിന് ഇടയാക്കാറുമുണ്ട്. വെറും 1.8 കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിന് ഊബര്‍ ഈടാക്കുന്ന അമിത നിരക്ക് ചൂണ്ടിക്കാട്ടി യുവാവ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള സൂര്യ പാണ്ഡെ എന്നയാളാണ് ഊബര്‍ ക്യാബുകളും ഓട്ടോകളും വാങ്ങുന്ന അമിത നിരക്ക് ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റ് ലിങ്ക്ഡിനില്‍ പങ്കുവെച്ചത്.

"സ്റ്റോക്ക് മാര്‍ക്കറ്റിന് പകരം ഊബറിനുവേണ്ടി പണം നിക്ഷേപിക്കുകയായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഹര്‍ഷാദ് മേത്തയെ മറികടക്കുമായിരുന്നു!" എന്നാണ് ലിങ്ക്ഡിനില്‍ കുറിപ്പ് പങ്കുവെച്ചുകൊണ്ട് പാണ്ഡെ പറഞ്ഞത്. ഊബര്‍, റാപ്പിഡോ, ഒല മുതലായവ എളുപ്പത്തിലും ഏറ്റവും കുറഞ്ഞ നിരക്കിലും യാത്രക്കാര്‍ക്ക് പ്രയോജനകരമാകാന്‍ വേണ്ടിയാണ് ആരംഭിച്ചത്. എന്നാല്‍ ചെറിയൊരു മഴ പെയ്തപ്പോഴേക്കും ഡല്‍ഹിയിലെ ഗുരുഗ്രാമിലെ ഒരു ചെറിയ യാത്രയ്ക്ക് യഥാര്‍ത്ഥ നിരക്കിനേക്കാള്‍ മൂന്നിരട്ടി തുകയാണ് ഊബര്‍ ഈടാക്കുന്നതെന്ന് യുവാവ് പോസ്റ്റില്‍ ആരോപിച്ചു.

തുടര്‍ന്ന് അധിക നിരക്ക് നല്‍കുന്നതിന് പകരം ഇതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗവും ഉപഭോക്താക്കളോട് സൂര്യ പാണ്ഡെ നിര്‍ദ്ദേശിച്ചു. ഇത്തരം ചെറിയ യാത്രകള്‍ക്കായി ആ വഴി പോകുന്ന ആളുകളോട് ലിഫ്റ്റ് ചോദിക്കുന്നതാണ് നല്ലതെന്ന് പാണ്ഡെ പറഞ്ഞു. യുവാവ് പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടില്‍ Uber Go നല്‍കുന്ന ചാര്‍ജ്ജ് 700 രൂപയും UberXL ന്റെ നിരക്ക് 588 രൂപയുമാണ്. ഇതില്‍ Uber Auto- യുടെ 146 രൂപയും Uber Moto- യുടെ 114 രൂപയും മാത്രമാണ് ഏറ്റവും കുറഞ്ഞ നിരക്കായി കാണിക്കുന്നത്. എന്നാല്‍ അവതന്നെ യഥാര്‍ത്ഥ നിരക്കിനേക്കാള്‍ ഇരട്ടിയാണ് എന്നതാണ് വാസ്തവം.

പോസ്റ്റ് വൈറലായതിന് പിന്നാലെ, നിരവധി ആളുകളും ഇതില്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി. ഊബര്‍ ബുക്ക് ചെയ്യുന്നത് നമ്മുടെ സമയം പാഴാക്കുമെന്നും നിങ്ങള്‍ സഞ്ചരിക്കുന്ന ദൂരത്തിന്റെ യഥാര്‍ത്ഥ നിരക്കിനേക്കാള്‍ അമിത നിരക്ക് അവര്‍ ഈടാക്കുമെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. കൂടാതെ ചെറിയ ദൂരത്തേക്ക് നടക്കുന്നതായിരിക്കും ഏറ്റവും ഉചിതമായ മാര്‍ഗ്ഗമെന്നും ഇത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും മറ്റൊരു ഉപഭോക്താവ് പറഞ്ഞു. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഓട്ടോയുടെ നിരക്ക് ക്യാബിനെ പോലും മറികടക്കാറുണ്ടെന്നും വേറൊരാള്‍ ചൂണ്ടിക്കാട്ടി.