- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഗ്നൽ കേബിൾ മോഷണം പോയി; താറുമാറായ ദില്ലി മെട്രോ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു; സംഭവത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരെന്ന് അതികൃതർ
ദില്ലി: സിഗ്നൽ കേബിൾ മോഷണം പോയതിനെ തുടർന്ന് താറുമാറായ ഡൽഹി മെട്രോയുടെ ബ്ലൂ ലൈനിലെ സാധാരണ സർവീസുകൾ പുനഃസ്ഥാപിച്ചു. ദില്ലി മെട്രോ സർവ്വീസിലെ ബ്ലൂ ലൈനിൽ നിരവധി സർവ്വീസുകളാണ് സംഭവത്തെ തുടർന്ന് വൈകിയത്. ദ്വാരക സെക്ടർ 21 മുതൽ നോയിഡ ഇലക്ട്രോണിക് സിറ്റി വൈശാലിയിലേക്കുള്ള സർവ്വീസുകളാണ് വൈകിയത്. മോത്തി നഗർ, കീർത്തി നഗർ മെട്രോ സ്റ്റേഷനുകൾക്കിടയിൽ സിഗ്നലിംഗ് കേബിളുകൾ കാണാതാവുകയോ തകരാറ് വരികയോ ചെയ്തതിന് പിന്നാലെയാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ സാധാരണ സർവീസുകൾ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായത്. സംഭവത്തിന് പിന്നാലെ ട്രെയിനുകൾ വളരെ നിയന്ത്രിതമായ വേഗതയിൽ ഓടിക്കാൻ അതികൃതർ നിർബന്ധിതരായി. തുടർന്ന് വലിയ രീതിയിലാണ് ബ്ലൂ ലൈനിൽ ട്രെയിനുകൾ വൈകിയതെന്ന് ഡിഎംആർസി വിശദമാക്കുന്നത്.
വേഗതയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ യാത്രക്കാർക്ക് കൂടുതൽ സമയം സ്റ്റേഷനുകളിൽ കാത്തിരിക്കേണ്ടി വന്നതോടെ ട്രെയിനുകളിലും, സ്റ്റേഷനുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. മറ്റ് മേഖലകളെ പ്രശ്നം ബാധിച്ചില്ലെന്നും ഡിഎആർസി വിശദമാക്കി. യാത്രയ്ക്ക് പതിവിൽ കൂടുതൽ സമയം വേണ്ടി വരുന്നതിനാൽ ഇത് അനുസരിച്ച് യാത്ര ക്രമീകരിക്കണമെന്നും ദില്ലി മെട്രോ അധികൃതർ യാത്രക്കാരോട് സമൂഹമാധ്യമങ്ങളിൽ വിശദമാക്കിയിരുന്നു. 6 മണിക്കൂറുകളോളം സർവീസുകൾ മുടങ്ങിയിരുന്നു.