ഡൽഹി: തലസ്ഥാന നഗരിയെ വായു മലിനീകരണം വീണ്ടും അതീവ ഗുരുതരാവസ്ഥയിലേക്ക് തള്ളിവിട്ടു. തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ വായുനിലവാര സൂചിക (എക്യൂഐ) 400 കടന്നതോടെ ദില്ലിയിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കടുത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 120-ലധികം വിമാന സർവീസുകൾ റദ്ദാക്കുകയും നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു.

ശരാശരി എക്യൂഐ 403 ആയി ഉയർന്നപ്പോൾ, പലയിടത്തും ഇത് 450-ന് മുകളിലെത്തി. ആനന്ദ് വിഹാറിൽ വായുനിലവാരം 459 രേഖപ്പെടുത്തി. ഐടിഒ (400), ചാന്ദ്‌നി ചൗക്ക് (423) എന്നിവിടങ്ങളിലും വായുനിലവാരം അപകടകരമായ നിലയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിശക്തമായ മൂടൽമഞ്ഞ് കാരണം കാഴ്ചാ പരിധി പൂജ്യത്തിനടുത്തേക്ക് താഴ്ന്നതാണ് വിമാന സർവീസുകളെ കാര്യമായി ബാധിച്ചത്.

ഡൽഹിക്ക് പുറമെ ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത തണുപ്പും മലിനീകരണവും പരിഗണിച്ച് നോയിഡയിലെ സ്കൂളുകൾക്ക് ജനുവരി ഒന്ന് വരെ അവധി പ്രഖ്യാപിച്ചു. വായുനിലവാരം 400 കടന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും വായു മലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യ, ഗതാഗത പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.