- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണിക്കവഞ്ചിയിലെ സംഭാവനകൾ എണ്ണുന്നതിനിടെ മോഷണം; നോട്ടുകെട്ടുകൾ കവറിലാക്കി കൊണ്ട്പോകുന്ന ദൃശ്യങ്ങൾ പുറത്ത്; ക്ഷേത്ര ജീവനക്കാർക്കെതിരെ ഭക്തരുടെ പ്രതിഷേധം
ബംഗളൂരു: ക്ഷേത്രത്തിൽ കാണിക്കവഞ്ചിയിലെ സംഭാവനകൾ എണ്ണുന്നതിനിടെ പണം മോഷ്‌ടിക്കുന്നതിന്റെ ഒന്നിലധികം വീഡിയോകൾ പുറത്ത്. എണ്ണി തിട്ടപ്പെടുത്തിവച്ചിരിക്കുന്ന നോട്ടുകെട്ടുകൾ കവറിലാക്കി കൊണ്ടുപോകുന്നതിന്റെ ഉൾപ്പെടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഭക്തർ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. ബംഗളൂരു ബ്യാതരായണപുരിയിലെ ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കാണിക്കവഞ്ചിയിലെ സംഭാവനകൾ രണ്ടുപേർ ചേർന്ന് എണ്ണി തിട്ടപ്പെടുത്തി കെട്ടുകളാക്കി ഒരു മേശയുടെ പുറത്ത് വച്ചിരിക്കുകയാണ്. ഇതിൽ നിന്നുമാണ് മോഷണം നടക്കുന്നത്. നീല ടീഷർട്ട് ധരിച്ച ഒരാൾ ഈ മേശയ്‌ക്ക് സമീപം നിൽക്കുന്നു. ചുറ്റുമുള്ളവരെ വളരെ ശ്രദ്ധാപൂർവം നിരീക്ഷിച്ച സാഹചര്യം വിലയിരുത്തിയ ശേഷം ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതോടെ ഒരു കെട്ട് നോട്ടെടുത്ത് പോക്കറ്റിലിട്ടു.
മറ്റൊരു വീഡിയോയിലും ഇയാളെ കാണാം. ക്ഷേത്രത്തിലെ ജീവനക്കാരനായ ഒരാൾക്കാണ് പിന്നീടിയാൾ നോട്ട് കേട്ടെടുത്ത നൽകുന്നത്. സമീപത്ത് മറ്റൊരു ജീവനക്കാരൻ രണ്ടുകെട്ട് നോട്ടുകളുമായി നിൽക്കുന്നതും കാണാം. ഇതോടെ ക്ഷേത്രത്തിലുള്ള ജീവനക്കാർ ഉൾപ്പെടെ അറിഞ്ഞുകൊണ്ട് നടത്തുന്ന തട്ടിപ്പ് ഭക്തർക്കിടയിൽ പ്രകോപനമുണ്ടാക്കി.
മൂന്നാമത്തെ വീഡിയോയിൽ രണ്ട് ജീവനക്കാർ ചേർന്ന് പണം എണ്ണി കെട്ടുകളാക്കുന്നത് കാണാം. സമീപത്ത് നിൽക്കുന്നവർ പ്ലാസ്റ്റിക് കവറുകളിലാക്കി പണം മാറ്റി കൊണ്ടുപോകുന്നുണ്ട്.
ക്ഷേത്ര ഭരണ സമിതിയിലെ അംഗങ്ങൾ തന്നെയാണോ പണം തട്ടിയെടുക്കുന്നതെന്ന് വ്യക്തമല്ല. എന്നാണ് സംഭവം നടന്നതെന്നും കൃത്യമായി വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ജനങ്ങൾ പ്രതിഷേധത്തിലാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ ജൂലൈയിൽ കേസ് ഫയൽ ചെയ്തതായി പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചു.
എന്നാൽ മോഷണം നടന്നത് ക്ഷേത്ര ഭാരവാഹികൾ അറിഞ്ഞുകൊണ്ടല്ലെന്നും, സമാനമായ സംഭവം മുൻപും നടന്നിട്ടുണ്ട് അക്കാലത്ത് ക്ഷേത്രഭരണസമിതി വേഗത്തിൽ നടപടി എടുത്തിരുന്നതായി ക്ഷേത്രത്തിലെ മുഖ്യ പൂജാരി രാമചന്ദ്ര അഭിപ്രായപ്പെട്ടു.