ന്യൂഡല്‍ഹി: സിഖ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുട്യൂബര്‍ ധ്രുവ് റാഠി തന്റെ പുതിയ വീഡിയോ പിന്‍വലിച്ചു. സിഖ് സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നതോടെയാണ് ധ്രുവ് റാഠി വീഡിയോ പിന്‍വലിച്ചത്. അകാല്‍ തഖ്ത്, ശിരോമണി അകാലിദള്‍ (എസ്എഡി), ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) തുടങ്ങിയ സംഘടനകളാണ് എതിര്‍പ്പ് അറിയിച്ചത്. 'ദി സിഖ് വാരിയര്‍ ഹു ടെറിഫൈഡ് ദി മുഗള്‍സ്' എന്ന പേരില്‍ അപ്‌ലോഡ് ചെയ്ത എഐ ജനറേറ്റഡ് വീഡിയോയാണ് നീക്കം ചെയ്തത്.

സിഖ് ഗുരുക്കന്‍മാരെ സാധാരണ മനുഷ്യരെ പോലെ ചിത്രീകരിക്കുന്നതും അവരെ കുറിച്ച് വിഡിയോകളുണ്ടാക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി. വീഡിയോ പിന്‍വലിച്ചതില്‍ ധ്രുവ് വിശദീകരണവും നല്‍കി. തന്റെ വീഡിയോക്ക് നല്ല പ്രതികരണമുണ്ടെങ്കിലും സിഖ് ഗുരുക്കന്മാരുടെ ആനിമേറ്റഡ് ചിത്രീകരണം അവരുടെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചില കാഴ്ചക്കാര്‍ക്ക് തോന്നുന്നതിനാല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ധ്രുവ് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ വിശദീകരിച്ചു.

ഈ സംഭവമൊരു രാഷ്ട്രീയമതപരമായ വിവാദമാക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ഇന്ത്യയുടെ ധീരന്‍മാരെ കുറിച്ച് വിദ്യാഭ്യാസത്തിനുതകുന്ന രീതിയില്‍ ഒരു വിഡിയോ ചിത്രീകരിക്കുക മാത്രമായിരുന്നു ശ്രമമെന്നും പോസ്റ്റില്‍ കുറിച്ചു. അതേസമയം, സിഖ് ഗുരുക്കന്മാരെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വീഡിയോയെന്നും അപമാനിക്കുന്നതാണെന്നും ഡല്‍ഹി കാബിനറ്റ് മന്ത്രി മജിന്ദര്‍ സിങ് സിര്‍സ വിമര്‍ശനം ഉന്നയിച്ചു.

സിഖ് തത്വങ്ങള്‍ക്കും പാരമ്പര്യത്തിനും എതിരാണ് ഇത്തരം വീഡിയോകളെന്നായിരുന്നു സിഖ് സംഘടനകള്‍ പ്രതികരിച്ചത്. ഇത്തരം ചിത്രീകരണങ്ങള്‍ സിഖ് തത്വങ്ങളെയും പാരമ്പര്യങ്ങളെയും ലംഘിക്കുന്നതാണെന്ന് എസ്ജിപിസി പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിംഗ് ധാമി പറഞ്ഞു. സിഖ് ഗുരുക്കന്മാരുടെ ചരിത്രം പവിത്രമാണെന്നും അത് വളച്ചൊടിക്കരുതെന്നും വീഡിയോ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ധ്രുവ് റാഠിക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹത്തിന്റെ യൂട്യൂബ് ചാനല്‍ പരിശോധിക്കണമെന്നും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) സൈബര്‍ ക്രൈം സെല്ലില്‍ പരാതി നല്‍കി.