ഡൽഹി: ഒരു ഭക്ഷണപ്പാത്രത്തിൽ തല കുടുങ്ങി പരിഭ്രാന്തനായി ഓടിയ നായ ഗ്ലാസ് വാതിൽ തകർക്കുകയും ഇരുചക്ര വാഹനം മറിച്ചിടുകയും ഓട്ടോറിക്ഷയിലിടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. മരണഭയത്തിൽ ദിശാബോധം നഷ്ടപ്പെട്ട നായയുടെ ഈ പ്രവൃത്തി നെറ്റിസൺസിനിടയിൽ ഒരുപോലെ ചിരിയും സങ്കടവും ഉണർത്തി.

ഭക്ഷണത്തിനായി തലയിട്ട പാത്രത്തിൽ തല കുടുങ്ങിയതിനെത്തുടർന്നാണ് നായ പരിഭ്രാന്തനായത്. കാഴ്ച മറയ്ക്കപ്പെട്ട അവസ്ഥയിൽ മുന്നോട്ട് കുതിച്ച നായ, ആദ്യം ഒരു ഗ്ലാസ് വാതിൽ തകർത്തു. പിന്നീട് ഒരു ബൈക്കിനെ ഇടിച്ചിട്ട് മറിച്ചിടുകയും തൊട്ടുപിന്നാലെ ഒരു ഓട്ടോറിക്ഷയിലിടിക്കുകയും ചെയ്തു. വീണ്ടും ഗ്ലാസ് ഡോറിന് നേർക്ക് ഓടുന്നതിനിടെ 11 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ അവസാനിക്കുകയായിരുന്നു. നിസ്സഹായനായ നായ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അപകടങ്ങൾ വരുത്തിവെക്കുന്നതും കാഴ്ച നഷ്ടപ്പെട്ട് ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചപ്പോൾ, നായയെ പലരും 'ഡോഗേഷ് ഭായ്' എന്ന് തമാശയായി അഭിസംബോധന ചെയ്തു. 'ഡോഗേഷ് ഭായ് ഒരു ലെവൽ 5 ഹെൽമെറ്റ് വാങ്ങി' എന്നും 'ഡോഗേഷ് ഭായ് ഇപ്പോൾ വലിയ നാശം വിതയ്ക്കും' എന്നുമൊക്കെയായിരുന്നു ചില കമന്റുകൾ. ചിലർ നായയോട് ഹെൽമെറ്റ് ശരിയായി ഉപയോഗിക്കാൻ ആവശ്യപ്പെട്ടപ്പോൾ, മറ്റ് ചിലർ നായയുടെ ദുരിതത്തിൽ പങ്കുചേർന്ന് സഹായം അഭ്യർത്ഥിച്ചു. അതേസമയം, വീഡിയോ ക്ലിപ്പ് നിർമിത ബുദ്ധി (AI) ഉപയോഗിച്ച് ഉണ്ടാക്കിയതാണോ എന്ന സംശയവും ചില ഉപയോക്താക്കൾ പങ്കുവെച്ചു.