- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; മലയാളിയടക്കം ആറുപേരെ കൈയ്യോടെ പൊക്കി പോലീസ്; അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പിടിച്ചെടുത്തത് ലക്ഷങ്ങളുടെ ലഹരി
മംഗളൂരു: മംഗളൂരുവിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ മലപ്പുറം നിലമ്പൂർ സ്വദേശി ഉൾപ്പെടെ ആറു പേർ അറസ്റ്റിലായി. ഇവരിൽ നിന്ന് 24 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ (MDMA) പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസിൽ നടപടി സ്വീകരിച്ചത്.
അറസ്റ്റിലായവരിൽ അഞ്ചു പേർ മംഗളൂരു സ്വദേശികളാണ്. ചിരാഗ് സനിൽ (27), ആൽവിൻ (28), ജനൻ ജഗന്നാഥ് (28), രാജേഷ് ബെംഗേരെ (30), വരുൺ ഗനിഗ (28) എന്നിവരെയാണ് മംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഇവരോടൊപ്പം മലപ്പുറം നിലമ്പൂർ പൂങ്ങോട് സ്വദേശി അബ്‌ദുൽ കരീം (52) ആണ് അറസ്റ്റിലായ മലയാളി. മംഗളൂരു നഗരത്തിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രധാന സംഘമാണ് ഇവരെന്നാണ് പൊലീസ് നൽകുന്ന വിവരം.
പ്രധാനമായും കാവൂരിലെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിനിടെയാണ് ആദ്യഘട്ടത്തിൽ ചിരാഗും ആൽവിനും പിടിയിലായത്. ഇവരിൽ നിന്ന് 22,30,000 രൂപ വിലമതിക്കുന്ന 111.83 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിലമ്പൂർ സ്വദേശിയായ അബ്‌ദുൽ കരീം മുംബൈയിൽ താമസിക്കുന്ന ആഫ്രിക്കൻ പൗരനായ ബെഞ്ചമിനിൽ നിന്ന് എംഡിഎംഎ വാങ്ങുന്നതിനായി പണം നൽകിയതായി കണ്ടെത്തിയത്. ഇയാളെ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തു.
പിന്നാലെ, മയക്കുമരുന്ന് കൈപ്പറ്റിയ ജനൻ ജഗന്നാഥ്, രാജേഷ് ബെംഗേരെ, വരുൺ ഗനിഗ എന്നിവരെ മന്നഗുഡ്‌ഡയിൽ വെച്ചും പിടികൂടി. ഇവരിൽ നിന്ന് 1,90,000 രൂപ വിലമതിക്കുന്ന 21.03 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തു.