- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഭലിലേക്ക് പോകാന്‍ ശ്രമിച്ച മുസ്‌ലിം ലീഗ് എം.പിമാരെ യു.പി പൊലീസ് തടഞ്ഞു; പോലീസുമായി സംഘര്‍ഷത്തിന് ഇല്ലെന്ന് വ്യക്തമാക്കി ഇ ടി മുഹമ്മദ് ബഷീറും സംഘവും
സംഭലിലേക്ക് പോകാന്‍ ശ്രമിച്ച മുസ്‌ലിം ലീഗ് എം.പിമാരെ യു.പി പൊലീസ് തടഞ്ഞു
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഘര്‍ബാധിത മേഖലയായ സംഭലിലേക്ക് പോകാന്‍ ശ്രമിച്ച മുസ്‌ലിം ലീഗ് എം.പിമാരെ പൊലീസ് തടഞ്ഞു. ഗാസിയാബാദില്‍ വെച്ചാണ് എം.പിമാരെ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞത്. ഇവിടെ നിന്ന് രണ്ട് ജില്ലകള്‍ കൂടി പിന്നിട്ടു വേണം സംഭലിലെത്താന്‍. എന്നാല്‍ സംഭലില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഗാസിയാബാദ് ജില്ലയിലെ സജ്ജരാസി ടോള്‍ പ്ലാസയില്‍ വെച്ചു തന്നെ എം.പിമാരെ പൊലീസ് സന്നാഹം തടയുകയായിരുന്നു.
രണ്ടുവാഹനങ്ങളിലായാണ് എം.പിമാരുടെ സംഘം സംഭലിലേക്ക് പുറപ്പെട്ടത്. ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാന്‍, നവാസ് ഗനി തുടങ്ങിയ എം.പിമാരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സംഘര്‍ഷ മേഖലയായതിനാല്‍ പോകാന്‍ അനുവാദം തരാന്‍ സാധിക്കില്ലെന്നാണ് എം.പിമാരോട് പൊലീസ് പറഞ്ഞത്. അതേസമയം, തടഞ്ഞത് തെറ്റായ നടപടിയാണെന്നും പൊലീസുമായി സംഘര്‍ഷത്തിനില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കി.
സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്ക് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സര്‍വേക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ പ്രദേശത്ത് ഈ മാസം 30 വരെ ഇന്റര്‍നെറ്റ് സേവനം താല്‍കാലികമായി നിരോധനം ഏര്‍പ്പെടുത്തി. പുറത്തുനിന്നുള്ളവര്‍ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ട്. പ്രദേശത്തെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.
ഹിന്ദു ക്ഷേത്രത്തിന്റെ സ്ഥാനത്താണ് പള്ളി നിര്‍മിച്ചതെന്ന അവകാശവാദത്തെ തുടര്‍ന്ന് വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവനുസരിച്ചാണ് മസ്ജിദില്‍ സര്‍വേ നടത്താനെത്തിയത്.