മുംബൈ: മുംബൈയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ വന്‍ തീപിടുത്തം നടന്നതായി വിവരങ്ങൾ. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. ബല്ലാര്‍ഡ് എസ്റ്റേറ്റ് പ്രദേശത്തെ കെട്ടിടത്തിനാണ് തീ പിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നും വിവരങ്ങൾ ഉണ്ട്.

തീപിടുത്ത വിവരം അറിഞ്ഞതോടെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും തീ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. നാലാം നിലവരെ തീ പടര്‍ന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

തീ അണക്കാനായി എട്ട് ഫയര്‍ എഞ്ചിനുകള്‍, ആറ് ജംബോ ടാങ്കറുകള്‍, ഒരു ഏരിയല്‍ വാട്ടര്‍ ടവര്‍ ടെന്‍ടര്‍, റെസ്‌ക്യൂ വാന്‍, ക്യുക് റെസ്പോണ്‍സ് വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവ മേഖലയില്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. നാശനഷ്ടങ്ങളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.