കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബാറുകളിലും റെസ്റ്റോറന്റുകളിലും കേന്ദ്രീകരിച്ച് സംഘടിത മനുഷ്യക്കടത്തും അനാശാസ്യവും നടത്തിയെന്ന കേസില്‍ ഇ ഡി നടത്തിയ റെയ്ഡില്‍ ഒരു കോടിയിലധികം രൂപയും രണ്ട് ആഢംബര കാറുകളും പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് പശ്ചിമ ബംഗാളില്‍ റെയ്ഡുകള്‍ നടന്നത്.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബിധാന്‍നഗര്‍, കൊല്‍ക്കത്ത, സിലിഗുരി എന്നിവിടങ്ങളിലായി എട്ട് കേന്ദ്രങ്ങളിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ ഡി ഒരേസമയം പരിശോധന നടത്തിയത്. റെയ്ഡില്‍ 1.01 കോടിയിലധികം രൂപയുടെ പണവും, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, ജാഗ്വാര്‍ എന്നിങ്ങനെ രണ്ട് ആഢംബര കാറുകളും പിടിച്ചെടുത്തു. കൂടാതെ ഡിജിറ്റല്‍ ഉപകരണങ്ങളും നിരവധി സ്വത്ത് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുമായി ബന്ധമുള്ള അനധികൃത പണമിടപാടുകള്‍ക്കായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകളും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

പരിശോധനയ്ക്കിടെ, ഡാന്‍സ് ബാറുകളുടെ പരിസരത്ത് മനുഷ്യക്കടത്തിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ക്കായി 'പ്ലാസ്റ്റിക് നോട്ടുകള്‍' കറന്‍സിയായി ഉപയോഗിച്ചിരുന്നതായും ഇ ഡി കണ്ടെത്തി.

മുഖ്യ പ്രതികളായ ജഗ്ജീത് സിംഗ്, അജ്മല്‍ സിദ്ദിഖി, ബിഷ്ണു മുന്ദ്ര എന്നിവര്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത നിരവധി എഫ്‌ഐആറുകളും കുറ്റപത്രങ്ങളുമാണ് കേസിന് ആധാരം. സ്ത്രീകളെ ജോലിയോ മറ്റ് വാഗ്ദാനങ്ങളോ നല്‍കി വശീകരിച്ച് അനാശാസ്യത്തിന് നിര്‍ബന്ധിച്ച് ചൂഷണം ചെയ്യുന്നതില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാക്കിയ വലിയ തുക, പ്രതികള്‍ നിയന്ത്രിക്കുന്ന നിരവധി കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.