ചെന്നൈ: പൊതുജനാരോഗ്യത്തിന് അടിയന്തര അപകട ഭീഷണികള്‍ ചൂണ്ടിക്കാട്ടി അസംസ്‌കൃത മുട്ടയില്‍ നിന്ന് തയ്യാറാക്കുന്ന മയോണൈസിന്റെ നിര്‍മാണം, സംഭരണം, വിതരണം, വില്‍പന എന്നിവക്ക് ഒരു വര്‍ഷത്തെ സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. ഭക്ഷ്യസുരക്ഷ അഡ്മിനിസ്‌ട്രേഷന്‍ കമീഷണര്‍ ആര്‍. ലാല്‍വേന പുറപ്പെടുവിച്ച ഉത്തരവ് ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഷവര്‍മ പോലുള്ള ഭക്ഷ്യവസ്തുക്കളോടൊപ്പം വിളമ്പുന്ന 'അര്‍ധ ഖര എമല്‍ഷന്‍' എന്ന് വിശേഷിപ്പിച്ചിരിക്കുന്ന മയോണൈസ്, ഭക്ഷ്യവിഷബാധക്കുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ളതായി സൂക്ഷ്മ പരിശോധനയില്‍ കണ്ടെത്തിയെന്ന് സംസ്ഥാന ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ പറയുന്നു. സാല്‍മൊണെല്ല, ഇ കോളി ബാക്ടീരിയ എന്നിവയില്‍ നിന്നുള്ള അപകടങ്ങളെക്കുറിച്ച് വിജ്ഞാപനം മുന്നറിയിപ്പ് നല്‍കുന്നു.

മയോണൈസ് തയ്യാറാക്കാന്‍ നിരവധി ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റര്‍മാര്‍ അസംസ്‌കൃത മുട്ട ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തെറ്റായ തയ്യാറാക്കലും സംഭരണ സൗകര്യങ്ങളും മലിനീകരണവും പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നു. അനുചിതമായ സംഭരണ സൗകര്യങ്ങള്‍, സൂക്ഷ്മാണുക്കളില്‍നിന്നുള്ള മലിനീകരണം എന്നിവയില്‍ നിന്ന് ഉണ്ടാകുന്ന ഭക്ഷ്യജന്യ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനാണ് നിരോധനം എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

അസംസ്‌കൃത മുട്ടയില്‍ നിന്ന് തയ്യാറാക്കിയ മയോണൈസിന്റെ നിര്‍മാണം, സംസ്‌കരണം, പാക്കേജിംഗ്, സംഭരണം, ഗതാഗതം, വിതരണം, ഭക്ഷ്യ സേവനങ്ങള്‍, കാറ്ററിംഗ് സേവനങ്ങള്‍, വില്‍പ്പന എന്നിവയുടെ ഏത് ഘട്ടവുമായും ബന്ധപ്പെട്ട ഏതൊരു പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്. 2006ലെ ഭക്ഷ്യ സുരക്ഷാ നിലവാര നിയമത്തിലെ സെക്ഷന്‍ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.