റാഞ്ചി: ഝാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള സംയുക്ത സൈനിക ദൗത്യത്തില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കേന്ദ്ര റിസര്‍വ് പൊലിസ് ഫോഴ്സ് (ഇഞജഎ)യും ബൊക്കാറോ ജില്ലാ പൊലീസും ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. ഏറ്റുമുട്ടലിനിടെ ഇവരില്‍നിന്ന് വിവിധ തരം ആയുധങ്ങളും പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ 5.30ന് ലാല്‍പാനിയ മേഖലയിലെ ലുഗു മലനിരകളിലാണ് വെടിവെപ്പ് തുടങ്ങിയത്. അപകടമേഖലയായി പരിഗണിക്കപ്പെടുന്ന ഈ പ്രദേശത്ത് സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കപ്പെട്ടതോടെ സൈനികര്‍ ശക്തമായ പ്രതിരോധം നടപ്പിലാക്കി.

ഏകെ സീരീസിലുള്ള റൈഫിളുകള്‍, പിസ്റ്റളുകള്‍, മൂന്ന് ഇന്‍സാസ് റൈഫിളുകള്‍ ഉള്‍പ്പെടെ നിരവധി ആധുനിക ആയുധങ്ങള്‍ സ്ഥലത്ത് നിന്നും ലഭിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന വിവേക് എന്ന മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് കൂടുതല്‍ മാവോയിസ്റ്റുകള്‍ ഒളിവില്‍ കഴിയുന്നുണ്ടോയെന്ന് കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്നും സുരക്ഷാ സേനയുടെ സാന്നിധ്യം ശക്തമാക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.