ബാലിഗുഡ: ആനയുടെ ജഡം 32 കഷണങ്ങളാക്കി മുറിച്ച് സ്ഥലം മാറ്റി കുഴിച്ചുമൂടിയ സംഭവത്തിൽ ബാലിഗുഡ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ഘനശ്യാം മഹാന്തയ്ക്ക് വനം-പരിസ്ഥിതി വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. അന്വേഷണത്തിലെ ഗുരുതരമായ വീഴ്ച, തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. 15 ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിൽപ്പെട്ട ബെൽഗറിൽ ജനുവരി 5-നാണ് ഒരു ആനയെ ചത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ, ഈ സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമാണ് ആനയുടെ ജഡം 32 കഷണങ്ങളായി വെട്ടിമുറിച്ച് തെളിവ് നശിപ്പിക്കുന്നതിനായി അയൽജില്ലയായ കാലാഹണ്ടിയിൽ രണ്ട് തവണ മാറ്റി കുഴിച്ചുമൂടിയെന്ന വിവരം പുറത്തുവന്നത്. ബാലിഗുഡ ഫോറസ്റ്റ് ഡിവിഷന് കീഴിലെ ബെൽഗർ റേഞ്ചിലെ ജിരിപാണി സെക്ഷനിലാണ് ആനയെ ചത്ത നിലയിൽ കണ്ടെത്തിയത്.

വനം-പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഭാസ്കർ ജ്യോതി ശർമ്മ അയച്ച നോട്ടീസിൽ, ഷെഡ്യൂൾ-1 വിഭാഗത്തിൽപ്പെട്ട മൃഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് വലിയ അനാസ്ഥയുണ്ടായതായി ചൂണ്ടിക്കാട്ടുന്നു. ആനയുടെ അസ്വാഭാവിക മരണവും സംഭവം മറച്ചുവെക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ കൂട്ടുനിന്നതും അതീവ ഗൗരവകരമാണ്. പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ ഡിഎഫ്ഒ ഇതുവരെ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു.

ജനുവരി 5-ന് നടന്ന സംഭവത്തെക്കുറിച്ച് ഡിഎഫ്ഒ അറിയുന്നത് ഒൻപത് ദിവസങ്ങൾക്ക് ശേഷം മാധ്യമപ്രവർത്തകരിലൂടെയാണെന്നത് അത്ഭുതകരമാണെന്ന് നോട്ടീസിൽ വിമർശിക്കുന്നു. സംഭവസ്ഥലം നേരിട്ട് സന്ദർശിക്കുന്നതിന് പകരം അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനെ (എസിഎഫ്) അയച്ചതും ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ചയായി കണക്കാക്കുന്നു. ആനയുടെ മരണകാരണം കണ്ടെത്താനോ പ്രതികളെ പിടികൂടാനോ ഡിഎഫ്ഒ നടപടി സ്വീകരിച്ചില്ല. അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിച്ചത് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നുണ്ട്. കൂടാതെ, ചട്ടപ്രകാരം ആനയെ ചത്ത നിലയിൽ കണ്ടെത്തിയാൽ 24 മണിക്കൂറിനുള്ളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ, കളക്ടർ എന്നിവർക്ക് പ്രാഥമിക റിപ്പോർട്ട് നൽകുന്നതിലും ഡിഎഫ്ഒ പരാജയപ്പെട്ടു.