- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലങ്കാനയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; മുതിർന്ന കമാൻഡർ ഉൾപ്പെടെ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു; മേഖലയിൽ തിരച്ചിൽ തുടരുമെന്ന് പൊലീസ്
ഹൈദരാബാദ്: തെലങ്കാനയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പുലർച്ചെ മുലുഗു ജില്ലയിലെ ചൽപാക വനമേഖലയിൽ തെലങ്കാന പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ മുതിർന്ന കമാൻഡർ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് എ.കെ 47, ജി 3, ഇൻസാസ് റൈഫിളുകളും സ്‌ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തു.
പുലർച്ചെ 5.30 ഓടെ മാവോയിസ്റ്റ് വിരുദ്ധ ഗ്രേഹൗണ്ട്സ് സേന മാവോയിസ്റ്റ് സംഘവുമായി ഏറ്റുമുട്ടിയതായി പൊലീസ് പറഞ്ഞു. സി.പി.ഐ (മാവോയിസ്റ്റ്) തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗവും യെല്ലണ്ടു-നർസാംപേട്ട് ഏരിയാ കമ്മിറ്റി കമാൻഡറുമായ ഭദ്രു എന്ന കുർസം മംഗു (35), എഗോലപ്പു മല്ലയ്യ (43), മുസക്കി ദേവൽ (22), മുസക്കി ജമുന (23), ജയ് സിങ് (25), കിഷോർ (22), കാമേഷ് (23) എന്നിവരാണ് കൊല്ലപ്പെട്ടത്.
മേഖലയിൽ മാവോയിസ്റ്റ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ശബരി സ്ഥിരീകരിച്ചു. മേഖലയിൽ തിരച്ചിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. രണ്ട് ആദിവാസി യുവാക്കളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയതിന് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ഏറ്റുമുട്ടൽ. പൊലീസിന് വിവരങ്ങൾ കൈമാറുന്നതായി സംശയിച്ചാണ് പേരൂരു ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉയ്ക രമേഷ്, ഉയ്ക അർജുൻ എന്നിവരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നവംബർ 23-ന് വസീഡു മണ്ഡലിൽ മാവോയിസ്റ്റ് നീക്കങ്ങളെ ലക്ഷ്യമിട്ട് പൊലീസ് ടാസ്‌ക് ഫോഴ്‌സ് ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ഡിസംബർ 1 ന് രാവിലെ 6:18 ഓടെ വെളുഗു വാഗു അരുവിക്ക് സമീപം അഞ്ച് മാവോയിസ്റ്റ് അംഗങ്ങളെ പിടികൂടി. എകെ 47, റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ, മാവോയിസ്റ്റ് സാഹിത്യങ്ങൾ തുടങ്ങി നിരവധി ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവർ മുതിർന്ന സിപിഐ (മാവോയിസ്റ്റ്) കേഡറുകൾക്കുള്ള ലോജിസ്റ്റിക്‌സ്, റിക്രൂട്ട്‌മെൻ്റ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കിയിരുന്നതായി റിപ്പോർട്ടുണ്ട്.