- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടൽ കണ്ടെത്താൻ പറ്റാതെ വഴി തെറ്റി; എങ്ങനെ നോക്കിയിട്ടും ഒരു രക്ഷയില്ല; പെട്ടെന്ന് അതുവഴി കടുന്നവന്നത് രണ്ട് യുവാക്കൾ; അനുഭവം തുറന്നുപറഞ്ഞ് റൈഡർ ഗേൾ

ഭാഗൽപൂർ: മുൻ മിസ് അരുണാചലും പ്രശസ്ത സോളോ ബുള്ളറ്റ് റൈഡറുമായ ടെൻസിൻ മെറ്റോയ്ക്ക് ബിഹാറിൽ യാത്രയ്ക്കിടെ ലഭിച്ച അപ്രതീക്ഷിത സഹായത്തെക്കുറിച്ചുള്ള അനുഭവം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. വഴിതെറ്റി ഹോട്ടൽ കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്ന ടെൻസിനെ ഭാഗൽപൂരിൽ വെച്ച് രണ്ട് പ്രദേശിക യുവാക്കൾ സഹായിച്ചതിനെക്കുറിച്ചാണ് അവർ പങ്കുവെച്ചത്. മുൻവിധികളെ പൊളിച്ചടുക്കുന്ന മനുഷ്യത്വത്തിന്റെ ഈ നേർക്കാഴ്ച, രാജ്യത്തിന്റെ ഐക്യത്തിനും സ്നേഹത്തിനും ഉദാഹരണമാണെന്നും ടെൻസിൻ അഭിപ്രായപ്പെട്ടു.
യാത്രയ്ക്കിടെ തൻ്റെ ഹോട്ടൽ കണ്ടെത്താനാകാതെ വഴിതെറ്റിയ ടെൻസിനെ പരിചയപ്പെട്ട യുവാക്കൾ, തങ്ങളുടെ അടിയന്തര ആവശ്യങ്ങളെല്ലാം മാറ്റിവെച്ച് ഹോട്ടലിലേക്ക് വഴികാട്ടുകയായിരുന്നു. "ചിലപ്പോൾ ഭൂപടങ്ങൾക്ക് തെറ്റ് പറ്റാം, പക്ഷേ മനുഷ്യർക്ക് തെറ്റില്ല. ഭാഗൽപൂർ എനിക്ക് ലക്ഷ്യസ്ഥാനത്തേക്കാൾ ഉപരിയായി വിശ്വാസമാണ് നൽകിയത്. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് സഹായവുമായി എത്തിയ അപരിചിതർ... ഇത്തരത്തിലുള്ള ഇന്ത്യയ്ക്ക് വേണ്ടിയാണ് ഞാൻ യാത്ര ചെയ്യുന്നത്," ടെൻസിൻ മെറ്റോ പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന മുൻവിധികളെക്കുറിച്ചും ടെൻസിൻ ഈ സന്ദർഭത്തിൽ സംസാരിച്ചു. പുറംനാടുകളിൽ പോകുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന് പലപ്പോഴും മുന്നറിയിപ്പുകൾ ലഭിക്കാറുണ്ടെന്നും എന്നാൽ, ഇത്തരം നല്ല അനുഭവങ്ങൾ ആരും പ്രചരിപ്പിക്കാറില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഇത് ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ഉദാഹരണമാണെന്നും ടെൻസിൻ കൂട്ടിച്ചേർത്തു.
ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് അനുകൂല അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. "ചില വ്യക്തികൾ കാരണം ബിഹാറിന് ചീത്തപ്പേരുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും സ്നേഹമുള്ളവരാണ്" എന്ന് ഒരു കമൻ്റ് ശ്രദ്ധ നേടി.
അരുണാചൽ പ്രദേശിൽ നിന്നുള്ള ആദ്യത്തെ വനിതാ റോയൽ എൻഫീൽഡ് ബുള്ളറ്റ് റൈഡർ കൂടിയാണ് ടെൻസിൻ മെറ്റോ. സോളോ റൈഡിംഗിന് പുറമെ, 'ഓറോ ബ്രൂക്ക്' എന്ന തൻ്റെ സ്റ്റാർട്ടപ്പിലൂടെ മോൻപ ഗോത്രവർഗത്തിൻ്റെ പരമ്പരാഗത വസ്ത്രങ്ങളെ ആധുനിക ശൈലിയിൽ അവതരിപ്പിക്കുന്നതിലും അവർ ശ്രദ്ധേയയാണ്.


