തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. പെരിയാർ ബസ് സ്റ്റാൻഡിന് സമീപമുള്ള കടാരപാളയത്ത് വിശാഖ എന്ന ഹോസ്റ്റലിലാണ് വ്യാഴാഴ്ച രാവിലെ ദാരുണമായ അപകടമുണ്ടായത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ രാജാജി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിമള, ശരണ്യ എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.

ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഉണ്ടായ പുക ശ്വസിച്ചായിരുന്നു രണ്ട് സ്ത്രീകളും മരണപ്പെട്ടത്. അമിതമായ പുക ഉണ്ടായതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് ഇരുവർക്കും ദാരുണാന്ത്യം സംഭവിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.ഹോസ്റ്റലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് തീപ്പിടിത്തമുണ്ടായത്. തുടർന്ന് അഗ്‌നിശമന സേനയെത്തി തീകെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി.

നൂറിലധികം സ്ത്രീകളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. ഇവരിൽ 5 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മറ്റുള്ളവരെ അഗ്‌നിശമന സേനയെത്തി സുരക്ഷിതമായി രക്ഷപ്പെടുത്തി. പരിക്കേറ്റ മറ്റ് സ്ത്രീകളും തീവ്രപരിചരണ വിഭാഗത്തിലാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം അടുക്കളയിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്നാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം എന്നാൽ എന്നാൽ സ്‌ഫോടനത്തിൻ്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു. മരിച്ച സ്ത്രീകളുടെ മൃതദേഹങ്ങൾ രാജാജി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യും.

മധുര എം.പിയും സി.പി.ഐ.എം നേതാവുമായ സു വെങ്കിടേശൻ വനിതാ ഹോസ്റ്റലിൽ ഉണ്ടായ ദാരുണമായ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.

മധുരയിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനായ എം.കണ്ണദാസ് വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ, അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇലക്ട്രിക്കൽ സർക്യൂട്ടുകൾ സ്ഥലത്തുണ്ടായിരുന്നോ എന്നും ഷോർട്ട് സർക്യൂട്ടാണോ സ്ഫോടനത്തിന് കാരണമെന്നും കൃത്യമായി അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തത്തിൻ്റെ പശ്ചാത്തലം വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ഹോസ്റ്റലിന് മതിയായ എല്ലാ ലൈസൻസുകൾ അടക്കമുള്ള രേഖകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ മധുര മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കൂടുതൽ വിദഗ്ദ്ധ പരിശോധനകളിൽ നിന്ന് മാത്രമേ പൂർണമായൊരു നിഗമനത്തിലെത്താൻ സാധിക്കുവെന്നും, സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണമുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.