ശ്രീനഗര്‍: ജമ്മു കശ്മീരിലെ റമ്പാനിലുണ്ടായ മിന്നല്‍ പ്രളയത്തിലും കനത്ത മണ്ണിടിച്ചിലിലും മൂന്ന് പേര്‍ മരിച്ചു. ഒരാളെ കാണാതായി. നൂറോളം പേരെ രക്ഷപ്പെടുത്തി. 10 വീടുകള്‍ പൂര്‍ണമായും മുപ്പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു.

റമ്പാന്‍ ജില്ലയിലെ ചിനാബ് നദിക്ക് സമീപം ധരംകുണ്ട് ഗ്രാമത്തിലാണ് അപകടമുണ്ടായത്. ശനിയാഴ്ച അര്‍ധരാത്രിയിലുണ്ടായ കനത്ത മഴക്ക് പിന്നാലെയാണ് മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ആലിപ്പഴ വീഴ്ചയും ഉണ്ടായത്.

ചിനാബ് നദിയെ ബന്ധിപ്പിക്കുന്ന പാലത്തിന് സമീപത്ത് കൂടിയാണ് മിന്നല്‍ പ്രളയം ധരംകുണ്ട് ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. അപകടത്തെ തുടര്‍ന്ന് ധരംകുണ്ട് പൊലീസും ജില്ലാ ഭരണകൂടവും നടത്തിയ അടിയന്തര നടപടിയിലാണ് നൂറോളം പേരെ രക്ഷിക്കാനായത്.