കാൺപൂർ: ഉത്തർപ്രദേശിൽ ഭീതി വിതച്ച നരഭോജി ചെന്നായ്ക്കളെ പിടികൂടി വനംവകുപ്പ്. 25 പേരെ ആക്രമിച്ച നാല് ചെന്നായ്ക്കളിൽ രണ്ടെണ്ണത്തെയാണ് ഇതുവരെ പിടികൂടിയത്. മറ്റ് രണ്ട് ചെന്നായ്ക്കൾക്കായി തിരച്ചിൽ തുടരുകയാണ്. ഇതിൽ ഒന്നിന് പരിക്ക് സംഭവിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. തെർമൽ ഡ്രോണുകൾ ഉപയോഗിച്ചാണ് ചെന്നായ്ക്കളെ കണ്ടെത്തി ട്രാക്ക് ചെയ്തത്.

അഞ്ചംഗ സംഘമാണ് ഇവയെ സാഹസികമായി പിടികൂടിയത്. സെപ്തംബർ 9 മുതൽ ആരംഭിച്ച ചെന്നായ് ആക്രമണങ്ങളിൽ ആളുകൾ ഭയന്നാണ് കഴിഞ്ഞിരുന്നത്. കരിമ്പിൻ തോട്ടങ്ങളിലും വയലുകളിലുമായി ചെന്നായ്ക്കൾ സ്ഥാനം മാറ്റി കൊണ്ടിരുന്നതിനാൽ ഇവയെ പിടികൂടുന്നത് ഏറെ ശ്രമകരമായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി.ചെന്നായ്ക്കളെ പിടികൂടുന്നതിനായി ട്രാപ്പ് കാമറകൾ, ഡ്രോൺ കാമറകൾ, വലകൾ തുടങ്ങിയ വിവിധ സന്നാഹങ്ങൾ വനംവകുപ്പ് ഒരുക്കിയിരുന്നു.