ജഗത്സിംഗ്പൂര്‍: അംഗനവാടികളില്‍ നല്‍കുന്ന പോഷക ആഹാരത്തില്‍ പുഴുക്കളും ക്ഷുദ്ര ജീവികളും. ഒഡിഷയിലെ ബാലികുഡയിലെ 252 അംഗനവാടികളില്‍ വിതരണം ചെയ്തത് ഭക്ഷണത്തിലാണ് പുഴക്കളെ കണ്ടെത്തിയത്. ഇവര്‍ക്ക് നല്‍കുന്ന ഭക്ഷണ വസ്തുക്കളെ കുറിച്ച് പരാതി നല്‍കിയിരുന്നെങ്കിലും നല്‍കുന്ന ഭക്ഷണ പൊതികള്‍ക്ക് മാറ്റമൊന്നുമില്ല. നിരവധി പരാതികളാണ് ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഒരു മാറ്റവും ഇല്ലാതെ പുഴുക്കള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെയാണ് ഇപ്പോഴും നല്‍കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അംഗനവാടികളില്‍ നല്‍കി വരുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ സ്വയം സഹായ സംഘങ്ങള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഇവര്‍ നല്‍കുന്ന സൂചി ഗോതമ്പിലും, മാവിലും പ്രാണികളും പുഴുക്കളും കണ്ടെത്തുന്നത് പതിവായി. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം യാഥാസമയ ജില്ലാ അധികൃതര്‍ എല്ലാ മാസം 23ന് പരിശോധിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രത്യേക പോഷകാഹാര പദ്ധതി പ്രകാരമാണ് ഭക്ഷണങ്ങള്‍ പരിശോധിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇട്ടത്. ഇതിനായി ജില്ലാ പരിഷത്ത് അംഗങ്ങള്‍ അടക്കം അംഗമായ കമ്മിറ്റികളും രൂപീകരിച്ചിരുന്നു. എന്നാല്‍ ഇതില്‍ ശരിയായ രീതിയിലുള്ള മേല്‍നോട്ടം നടക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സ്ഥിതിയെന്നാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ വിശദമാക്കുന്നത്.

സംഭവത്തില്‍ പഴുതുകള്‍ അടച്ചുള്ള അന്വേഷണം വേണമെന്നാണ് പ്രാദേശിക ഭരണകൂടം ആവശ്യപ്പെടുന്നത്. കഴിഞ്ഞ മാസം ശിശുക്ഷേമ വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇവര്‍ക്ക് ചുമതലയുള്ള ബ്ലോക്കുകളില്‍ ഉപയോഗ ശൂന്യമായ ഭക്ഷണ വസ്തുക്കള്‍ വിതരണം ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമായാണ് പ്രത്യേക പദ്ധതിയുടെ കീഴില്‍ പോഷകഹാരം അംഗനവാടികള്‍ വഴി വിതരണം ചെയ്യുന്നത്.