- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി; വ്യവസായിയുടെ ഓഫീസിൽ നിന്നും തട്ടിയത് രണ്ടര കോടി രൂപ; സ്ത്രീ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
ന്യൂഡൽഹി: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ സംഘം ഡൽഹിയിൽ വ്യവസായിയുടെ ഓഫീസിൽ നിന്ന് രണ്ടര കോടി രൂപ കവർന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 1.08 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. ഗാസിയാബാദ് ഇന്ദിരാപുരം സ്വദേശിയും നിർമ്മാണ-ധനകാര്യ മേഖലകളിൽ പ്രവർത്തിക്കുന്നയാളുമായ മൻപ്രീതിന്റെ വിവേക് വിഹാറിലെ ഓഫീസിലാണ് സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച നടന്നത്.-
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. മൻപ്രീത് തൻ്റെ സുഹൃത്തായ രവിശങ്കറിനോട് വീട്ടിൽ നിന്ന് 1.10 കോടി രൂപ ഓഫീസിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു. പണവുമായി രവിശങ്കർ എത്തിയപ്പോൾ, ഒരു സ്ത്രീ ഉൾപ്പെട്ട നാലംഗ സംഘം രണ്ട് കാറുകളിലായിയെത്തി തടഞ്ഞുനിർത്തി. സിബിഐ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട ഇവർ രവിശങ്കറിനെ മർദിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുത്തു.
തുടർന്ന് പ്രതികൾ രവിശങ്കറിനെ നിർബന്ധിച്ച് കെട്ടിടത്തിനുള്ളിലേക്ക് കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനായ ദീപക് മഹേശ്വരിയെയും മർദിച്ച് ഓഫീസിലുണ്ടായിരുന്ന ബാക്കി പണവും കവർന്നു. അതിനുശേഷം ഇരുവരെയും കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയ സംഘം, രവിശങ്കറിനെ ചിന്താമണി അടിപ്പാതയ്ക്ക് സമീപവും ദീപക് മഹേശ്വരിയെ നിഗംബോധ് ഘട്ടിലും ഇറക്കി വിട്ടു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് നയിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്. കവർച്ചയ്ക്ക് ഉപയോഗിച്ച രണ്ട് കാറുകളും ഫരീദാബാദിൽ നിന്ന് പോലീസ് കണ്ടെത്തി. സാകേത് മെട്രോ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ഒരു എൻജിഒയാണ് വാഹനങ്ങൾ വാടകയ്ക്കെടുത്തതെന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
ഇതോടെ എൻജിഒ സെക്രട്ടറിയും അസം സ്വദേശിനിയുമായ പപോരി ബറുവ (31), തുഗ്ലക്കാബാദ് സ്വദേശി ദീപക് (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവരിൽ നിന്ന് 1.08 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. കേസിലെ മറ്റ് പ്രതികൾക്കായും ബാക്കി തുക കണ്ടെത്താനായും പോലീസ് ഊർജിതമായ അന്വേഷണം തുടരുകയാണ്.