ഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിച്ചത് ഇന്ധന ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തിൽ, മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യ നയതന്ത്ര തലത്തിൽ സജീവ ഇടപെടൽ നടത്തുന്നുണ്ട്.

ഇന്ധന ഇറക്കുമതിയിലെ ക്ഷാമം കണക്കിലെടുത്ത്, സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ സിലിണ്ടറുകളുടെ വിഹിതം 20 ശതമാനം വർധിപ്പിച്ചിരുന്നു. ഹോട്ടലുകൾ, കാന്റീനുകൾ, സമൂഹ അടുക്കളകൾ എന്നിവയ്ക്കാണ് ഈ സിലിണ്ടറുകൾ അനുവദിച്ചത്. പ്രതിദിന ഇന്ധന ബുക്കിങ് 89 ലക്ഷത്തിൽ നിന്ന് 55 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. പ്രതിസന്ധി തുടർന്നാൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്ക് വിമാന കമ്പനികൾ ഏർപ്പെടുത്തിയ സർചാർജുകൾക്ക് പുറമെ ടിക്കറ്റ് നിരക്കുകളിലും വലിയ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഹോർമുസ് കടലിടുക്ക് വഴി കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായി പ്രധാനമന്ത്രി ഇറാൻ പ്രസിഡന്റ് മസൂദ് പെഷ്കിയാനുമായി സംസാരിച്ചു. ഇതിന് പുറമെ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ ചർച്ച നടത്തി.

പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായായിരുന്നു ഈ ചർച്ച. നിലവിലെ സങ്കീർണ്ണമായ സാഹചര്യങ്ങളിൽ ഇന്ത്യയുടെ ശക്തമായ ആശങ്ക ജയശങ്കർ ഇറാൻ മന്ത്രിയെ അറിയിച്ചു. അക്രമങ്ങൾ വെടിഞ്ഞ് ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കപ്പൽ പാതകളുടെ സുരക്ഷ ആഗോള വ്യാപാരത്തിന് അനിവാര്യമാണെന്ന് ഇരു നേതാക്കളും വിലയിരുത്തി. ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകരുതെന്നും ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജയശങ്കർ പ്രത്യേകം പരാമർശിച്ചു.