- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ സ്ഫോടനം; ഉഗ്ര ശബ്ദം കേട്ട് ആളുകൾ ചിതറിയോടി; ഒൻപത് പേർ കൊല്ലപ്പെട്ടു; ദുരന്തം നടന്നത് തിരക്കേറിയ മാർക്കറ്റിൽ
ജയ്പൂർ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ വൻ സ്ഫോടനത്തിൽ ഒൻപത് പേർ മരിച്ചു. രാജസ്ഥാനിലെ ബികാനീറിലാണ് സംഭവം നടന്നത്. എട്ട് പേർക്ക് പരിക്ക്. ബികാനീർ നഗരത്തിലെ കോട്‍വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തിരക്കേറിയ മദൻ മാർക്കറ്റിലാണ് സംഭവം. ഒരു കടയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.
സ്വർണം, വെള്ളി ആഭരണങ്ങളുടെ നിർമാണ ജോലികൾ നടക്കുന്ന ഒരു കടയിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. കട സ്ഥിതി ചെയ്യുന്ന കെട്ടിടം ഏതാണ്ട് പൂർണമായി തകർന്നു. മാർക്കറ്റിന്റെ ഒന്നാം നില അപ്പാടെ തകരുന്നത്ര തീവ്രമായ സ്ഫോടനമാണ് നടന്നതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.
നിരവധി ആളുകൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ്, പൊലീസ് എന്നിവർ ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. സംയുക്ത തെരച്ചിലിൽ മൃതദേഹങ്ങൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.