ബംഗളൂരു: കർണാടകയിലെ ഗുമതപുര ഗ്രാമത്തിൽ ദീപാവലിക്ക് ശേഷം നടക്കുന്ന 'ഗോരെഹബ്ബ' എന്ന പരമ്പരാഗത ഹിന്ദു ഉത്സവം സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഗ്രാമവാസികൾ പരസ്പരം ചാണകം എറിഞ്ഞ് ആഘോഷിക്കുന്ന ഈ നൂറ്റാണ്ടുകൾ പഴക്കമുള്ള ചടങ്ങ്, ഒരു വിദേശ യൂട്യൂബറുടെ വീഡിയോയിലൂടെയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ, ഈ വീഡിയോക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.

'ഐ സർവൈവ്ഡ് ഇന്ത്യാസ് പൂപ്-ത്രോയിംഗ് ഫെസ്റ്റിവൽ' എന്ന തലക്കെട്ടോടെ യുഎസ് പൗരനും യൂട്യൂബറുമായ ടെയ്‌ലർ ഒലിവേര പങ്കുവെച്ച വീഡിയോയിലാണ് വിവാദങ്ങളുടെ തുടക്കം. പശുവിന്റെ ചാണകത്തിൽ നിന്ന് ജനിച്ചതായി വിശ്വസിക്കപ്പെടുന്ന ഗ്രാമദേവതയായ ബീരേശ്വര സ്വാമിയെ ആദരിക്കുന്ന ചടങ്ങാണ് ഗോരെഹബ്ബ. ഭക്തിപൂർവമാണ് ഗ്രാമവാസികൾ ഇത് ആഘോഷിക്കുന്നത്.

എന്നാൽ, ഒക്ടോബർ 23ന് പങ്കുവെച്ച വീഡിയോയിൽ, ശരീരം മുഴുവൻ പ്ലാസ്റ്റിക് കോട്ട് ധരിച്ചെത്തിയ ഒലിവേര, ഈ ചടങ്ങിനെ വളരെ മോശമായി ചിത്രീകരിക്കുന്നതായും മതപരമായ വിശ്വാസങ്ങളെ പരിഹസിക്കുന്നതായും ആരോപിതനായിട്ടുണ്ട്. വിശ്വാസികളെ ഇത് വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് ടെയ്‌ലർ ഒലിവേരക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.