ബെംഗളൂരു: ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി 13 വയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു. ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ വില്ലേജ് ഗവൺമെൻ്റ് പ്രൈമറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി നവീന നാരായൺ ബെൽഗൗംകർ (13) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ദാരുണ സംഭവം.

വീട്ടിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ ബലൂൺ വീർപ്പിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് കുട്ടിക്ക് ശ്വാസം മുട്ടുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ഹളിയാല സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ തൊണ്ടയിൽ കുടുങ്ങിയ ബലൂൺ പുറത്തെടുത്തെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

സെപ്തംബറിൽ ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലെ ജവാലിയിലും സമാനമായ സംഭവമുണ്ടായിരുന്നു. സിദ്ധ്പൂർഗഡിലെ സർക്കാർ സ്കൂളിൽ ഏഴാംക്ലാസ് വിദ്യാർഥി വിവേക് ​​കുമാർ ( 13) ആണ് അന്ന് മരിച്ചത്. സ്‌കൂൾ ഗേറ്റിന് സമീപം ബലൂൺ വീർപ്പിക്കുന്നതിനിടെ പെട്ടെന്ന് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി രണ്ട് ദിവസത്തിന് ശേഷം ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.