- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചായത്ത് ഓഫീസിൽ അപ്രതീക്ഷിത റെയ്ഡ്; പരാതി കുത്തിപൊക്കിയത് മറ്റൊരു ഉദ്യോഗസ്ഥന് സ്ഥലം മാറ്റം നേടിക്കൊടുക്കാൻ; ട്രാൻസ്‌ഫർ ഭയന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ആത്മഹത്യ ശ്രമം
മൈസൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമായ വരുണയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ ദിവ്യയെ (32) ഓഫിസിനുള്ളിൽ ഗുളികകൾ കഴിച്ച് അവശനിലയിൽ കണ്ടെത്തി.ട്രാൻസ്‌ഫർ ഭയന്നാണ് ആത്മഹത്യ ശ്രമമെന്നാണ് സൂചന. ഗുരുതരാവസ്ഥയിൽ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവ്യ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
വരുണ ഗ്രാമപഞ്ചായത്ത് ഗ്രേഡ്-1 സെക്രട്ടറിയായി കഴിഞ്ഞ രണ്ടു വർഷമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ദിവ്യ. സ്ഥലം മാറ്റത്തെക്കുറിച്ച് സൂചന ലഭിച്ചതിന് പിന്നാലെയാണ് ഇവർ കടുത്ത മാനസിക സമ്മർദ്ദത്തിലായതെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഓഫീസിൽ വച്ച് അമിതമായ അളവിൽ ഗുളികകൾ കഴിച്ചതിനെ തുടർന്ന് ദിവ്യ കുഴഞ്ഞുവീണത്. ഉറക്കഗുളികകളും പാരസെറ്റമോളും ഉൾപ്പെടെ ഏകദേശം 15 ഓളം ഗുളികകൾ കഴിച്ചതായാണ് പ്രാഥമിക നിഗമനം. ബോധരഹിതയായി കിടന്ന ദിവ്യയെ സഹപ്രവർത്തകരാണ് ഉടൻ മൈസൂരുവിലെ കാവേരി ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിന് പിന്നിലെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. മറ്റൊരു ഗ്രാമപഞ്ചായത്തിലെ ഗ്രേഡ്-1 സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥൻ ദിവ്യയുടെ സ്ഥാനത്തേക്ക് സ്ഥലംമാറ്റം നേടാൻ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആറ് മാസം മുൻപ് ദിവ്യ തന്റെ ചുമതലകൾ ശരിയായി നിർവഹിക്കുന്നില്ലെന്ന പരാതി ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നവംബർ 20-ന് എക്‌സിക്യൂട്ടീവ് ഓഫീസർ (ഇഒ) വരുണ പഞ്ചായത്ത് ഓഫീസിൽ ഒരു അപ്രതീക്ഷിത സന്ദർശനം നടത്തുകയും, ദിവ്യക്കെതിരെ ആറുമാസം മുൻപ് ലഭിച്ച ഒരു പരാതി പുനരന്വേഷണത്തിനായി എടുക്കുകയും ചെയ്തതായി പറയപ്പെടുന്നു.
എന്നാൽ, ഈ വിഷയത്തിൽ പഞ്ചായത്ത് അംഗങ്ങൾ ഏകകണ്ഠമായി ദിവ്യയെ പിന്തുണച്ചു. ദിവ്യ കാര്യക്ഷമതയോടെയാണ് പ്രവർത്തിക്കുന്നതെന്നും, പഴയൊരു പരാതി വീണ്ടും കുത്തിപ്പൊക്കിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഈ പീഡനങ്ങളിൽ മനംനൊന്താണ് ദിവ്യ കടുംകൈയ്ക്ക് മുതിർന്നതെന്നാണ് സഹപ്രവർത്തകർ നൽകുന്ന മൊഴി. ഔദ്യോഗികമായി ഇതുവരെ പരാതികളൊന്നും നൽകിയിട്ടില്ലെങ്കിലും, വരുണ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ദിവ്യയുടെ മൊഴിയെടുത്ത ശേഷം കൂടുതൽ പേർക്കെതിരെ മാനസിക പീഡനത്തിന് കേസെടുക്കാൻ സാധ്യതയുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു




