റായ്പൂർ: ഛത്തീസ്ഗഢിലെ മാഗ്നെറ്റോ മാളിൽ ക്രിസ്മസ് അലങ്കാരങ്ങൾ തകർത്ത കേസിൽ കോടതി ജാമ്യം ലഭിച്ച് പുറത്ത് വന്ന ബജ്‌റംഗ് ദൾ പ്രവർത്തകർക്ക് ലഭിച്ചത് വൻ സ്വീകരണം. ആറ് ബജ്‌റംഗ് ദൾ പ്രവർത്തകരാണ് കേസിൽ അറസ്റ്റിലായത്. ജാമ്യം ലഭിച്ചവരെ മാലയിട്ടും പൂച്ചെണ്ടുകൾ നൽകിയും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ തോളിലേറ്റിയും ആഘോഷിച്ചു. 'ക്രൈസ്തവ മിഷനറി മുർദാബാദ്' എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ സന്തോഷം പ്രകടിപ്പിച്ചത്.

ഈ ആഘോഷത്തിൽ തെറ്റില്ലെന്ന് സംഘടനയുടെ സംസ്ഥാനതല കോർഡിനേറ്റർ ഋഷി മിശ്ര പ്രതികരിച്ചു. ഡിസംബർ 29ന് റായ്പൂർ മജിസ്‌ട്രേറ്റ് കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചിരുന്നു. ക്രിസ്മസ് ദിനത്തിൽ ഛത്തീസ്ഗഢിൽ മതപരിവർത്തന ആരോപണങ്ങളെ തുടർന്ന് വലതുപക്ഷ സംഘടനകൾ ബന്ദ് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് ഒരു കൂട്ടം ബജ്‌റംഗ് ദൾ പ്രവർത്തകർ മാളിൽ അതിക്രമിച്ചു കയറി ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ചത്.

സംഭവത്തിൽ 40ഓളം പേർക്കെതിരെ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു. അതിക്രമിച്ചു കടക്കൽ, മനഃപൂർവം വസ്തുക്കൾ നശിപ്പിക്കൽ, കലാപം ഉണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായ ആറ് പ്രവർത്തകരെ ഡിസംബർ 27നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതികൾക്ക് ഡിസംബർ 29-ന് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെ ടെലിബന്ധ പോലീസ് സ്റ്റേഷന് മുന്നിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.

മണിക്കൂറുകളോളം ഈ പ്രതിഷേധം ഗതാഗത തടസ്സമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്. ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയ ഉടൻ ബജ്‌റംഗ്ദൾ പ്രവർത്തകർ ഇവരെ മാലയിട്ടും മധുരം നൽകിയും പടക്കം പൊട്ടിച്ചും "രഘുപതി രാഘവ രാജാ റാം" എന്ന് വിളിച്ചാർത്തും സ്വീകരിച്ചു. പിന്നീട് ആറ് പ്രതികളെയും തോളിലേറ്റിയുള്ള ഒരു ഘോഷയാത്രയും സംഘടനയുടെ നേതൃത്വത്തിൽ നടത്തി. ഈ ആഘോഷത്തെ ന്യായീകരിച്ച് ബജ്‌റംഗ്ദൾ നേതാവ് രവി വധ്വാനി രംഗത്തെത്തി. അറസ്റ്റിലായ ആറ് പേർ അനധികൃതമായി തടങ്കലിൽ വെച്ചവരാണെന്നും ഇവർക്ക് അക്രമത്തിൽ പങ്കില്ലെന്നും അദ്ദേഹം വാദിച്ചു.