ഗാന്ധിനഗർ: ഗുജറാത്തിൽ കനത്ത മഴയെത്തുടർന്ന് ഹിമ്മത് നഗർ നഗരം വെള്ളത്തിനടിയിലായി. തുടർച്ചയായി പെയ്ത മഴയിൽ നഗരത്തിലെ പ്രധാന റോഡുകളിലും നിരവധി ഹൗസിങ് സൊസൈറ്റികളിലും വെള്ളം കയറി. വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ നിരവധി വാഹനങ്ങൾ മുങ്ങിപ്പോയി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശാസ്ത്രിനഗർ, ഷാഗുൻ ബംഗ്ലാവ് എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. ഇവിടെ വീടുകളിലും വെള്ളം കയറിയതായും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. മുട്ടോളം വെള്ളത്തിലൂടെയാണ് പ്രദേശവാസികൾക്ക് സഞ്ചരിക്കേണ്ടി വരുന്നത്. ഒരു റെയിൽവേ അടിപ്പാതയും പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.