ഹൃദയഹാരിയായ പ്രണയ ബന്ധങ്ങളെ കുറിച്ചുള്ള വാർത്തകൾ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. അത്തരത്തിൽ ഒരു പ്രണയകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ​ഗുജറാത്ത് സ്വദേശിയായ യുവാവും ഫിലിപ്പീൻസ് സ്വദേശിയുമാണ് യുവതിയുമാണ് വൈറൽ പ്രണയ കഥയിലെ നായകനും നായികയും. ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതോടെയാണ് ഇരുവരുടെയും ബന്ധം ആരംഭിക്കുന്നത്. രണ്ട് പേർക്കും രണ്ടുപേര്‍ക്കും ഇം​ഗ്ലീഷ് വലിയ ധാരണയില്ലായിരുന്നിട്ടും ബന്ധം വളരെ പെട്ടന്ന് തന്നെ ദൃഢമായി.

ഗുജറാത്ത് സ്വദേശിയായ പിന്റു ഒരു പച്ചക്കറി മൊത്തവിൽപ്പനക്കാരനാണ്. ഫിലിപ്പീൻസിൽ നിന്നുള്ള ഒരു യുവതിക്ക് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതോടെയാണ് പിന്റുവിന്റെ പ്രണയകാലത്തിലേക്കുള്ള തുടക്കം. അച്ഛനൊപ്പം റെസ്റ്റോറന്റ് നടത്തുകയായിരുന്നു യുവതി. അവൾ അവന്റെ റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്തു.

ഇരുവർക്കും ഇംഗ്ളീഷ് അറിയാത്തതിനാൽ ആദ്യമെല്ലാം ചെറിയ ചെറിയ ഹായ്, ഹലോ, ഇമോജികൾ എന്നിവയിൽ സംഭാഷണം ഒതുങ്ങി. പിന്നീട്, ചെറിയ ചെറിയ വീഡിയോ കോളുകളായി. ഭാഷ അറിയില്ലെങ്കിലും പിന്റു എന്ത് പറഞ്ഞാലും അവളുടെ മുഖത്ത് പുഞ്ചിരി വിടരും. പിന്റുവിന്റെ സത്യസന്ധമായ തുറന്ന പെരുമാറ്റമാണ് തന്നെ ആകർഷിച്ചത് എന്നാണ് യുവതി പറയുന്നത്. ഭാഷ ഇവരുടെ പ്രണയ ബന്ധത്തിന് തടസ്സമായതുമില്ല.





അധികം വൈകാതെ രണ്ടുപേരും തമ്മിലുള്ള സൗഹൃദം ദൃഢമായി മാറി. പിന്റു അവൾക്ക് ഒരു പ്രൊപ്പോസൽ അടങ്ങിയ സമ്മാനം അയച്ചു. വീഡിയോ കോളിലാണ് അവൾ അത് തുറന്നത്. അവൾ കരയുന്നുണ്ടായിരുന്നു. അങ്ങനെ രണ്ട് വർ‌ഷത്തോളം അകലങ്ങളിൽ നിന്ന് ഇരുവരും പ്രണയിച്ചു. പിന്നീട്, പിന്റു ഫിലിപ്പീൻസിൽ പോയി അവളേയും കുടുംബത്തെയും കണ്ടു. അത് അവരുടെ ആദ്യത്തെ കണ്ടുമുട്ടലായിരുന്നു.

യുവതിയുടെ കുടുംബത്തിൽ നിന്നും ഊഷ്‌മളമായ സ്വീകരണമാണ് പിന്റുവിന് ലഭിച്ചത്. ഒടുവിൽ ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചു. ഹിന്ദുരീതിയിലും ക്രിസ്ത്യൻ രീതിയിലും വിവാഹ ചടങ്ങുകൾ നടന്നു. ഫേസ്ബുക്കിലെ ഒരു ഫ്രണ്ട് റിക്വസ്റ്റ് ജീവിതത്തിലെ പ്രണയത്തിലേക്ക് തന്നെയുള്ള യാത്രയായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ഇരുവരും പറയുന്നത്.