ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യനീക്കം പാളിയെന്ന് സൂചന. നാളെ സ്ഥാനാര്‍ഥിളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. സംസ്ഥാനത്തെ 50 നിയമസഭാ സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

നിയമസഭയില്‍ മത്സരിക്കാനായി പത്ത് സീറ്റുകളാണ് എഎപി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്. ഏഴ് സീറ്റുകള്‍ വരെ നല്‍കാമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇതോടെയാണ് സഖ്യ സാധ്യതകള്‍ അടയുന്നത്. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി ഇരു പാര്‍ട്ടികളും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ചാണ് മത്സരിച്ചത്.

ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധിയാണ് താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചകളുമായി ബന്ധപ്പെട്ട് പാര്‍ട്ടികളുടെ സംസ്ഥാന ഘടകങ്ങള്‍ ഇടയുകയായിരുന്നു. സഖ്യത്തെ ഭൂപീന്ദര്‍ സിങ് ഹൂഡ വിഭാഗം, ശക്തമായി എതിര്‍ത്തു. ഒരു യോഗത്തില്‍ നിന്നും ഹൂഡ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

ആം ആദ്മി പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ദീപക് ബാബരിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആം ആദ്മി പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അടക്കം സ്ഥാനാര്‍ഥികളാക്കി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയിരുന്നു.

പത്ത് സീറ്റുകള്‍ ആവശ്യപ്പെട്ട് എഎപി; ഏഴ് സീറ്റില്‍ ഒതുക്കാന്‍ കോണ്‍ഗ്രസ്; ഹരിയാനയില്‍ സഖ്യനീക്കം പാളി; 50 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ നീക്കം