- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയില്‍ അതിശക്തമായ മഴ; മണിക്കൂറില്‍ 80-100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും; പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ഇന്ന് പുലര്‍ച്ചെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴ അനുഭവപ്പെട്ടു. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയതോടെ നിരവധി സ്ഥലങ്ങളിലായി മരങ്ങള്‍ കടപുഴകി വീണതായും റോഡുകളിലും ഗതാഗതക്കുരുക്കുമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനെ തുടര്‍ന്ന് കേരളത്തിലും അതിതീവ്ര ജാഗ്രതയാണ് തുടരുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായ സാഹചര്യത്തില്‍ കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും ഉയര്‍ന്ന തിരമാലകള്‍ കാണാനുമാണ് സാധ്യത. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് ഉണ്ടായിരിക്കുമെന്ന് അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും തുടരും. തീരദേശവാസികള്‍ അത്യധിക ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.