ചണ്ഡീഗഡ്: മുഖംമൂടി ധരിച്ചെത്തിയ ആളുകള്‍ എന്റെ ഭാര്യയെ പീഡിപ്പിച്ചു കൊന്നു എന്ന ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യം. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവായ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഭര്‍ത്താവിന്റെ പരാതിയില്‍ സംശയം തോന്നി ചോദ്യം ചെയ്ത പോലീസിനോട് ഒടുവില്‍ തന്റെ ഭാര്യയെ കൊന്നത് താനാണെന്ന് സമ്മതിക്കുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന സംശയത്തില്‍ കൊലപ്പെടുത്തുകയായിരുന്നു. തോക്ക് ഉപയോഗിച്ച് വെടിവെച്ചാണ് കൊന്നത്. സംഭവത്തില്‍ ഇനായത്ത് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് തോക്ക് നല്‍കി സഹായിച്ച ആളായ ഷാക്കിറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിയാനയില്‍ നൂഹ് ജില്ലയിലാണ് സംഭവം.

അതേസമയം കൂട്ടുപ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നിതിനിടെ ഏറ്റുമുട്ടലില്‍ കാലില്‍ വെടിയേറ്റിരുന്നു. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ നോക്കിയ ഇയാള്‍ പോലീസിന് നേരെ വെടിയുതിര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രതിരോധത്തിനായി പൊലീസ് വെടിയുതിര്‍ത്തപ്പോള്‍ ഷാക്കിറിന്റെ വലതുകാലില്‍ കൊള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാലിനാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷാക്കിറിന്റെ പേരില്‍ കവര്‍ച്ച, മോഷണം, അനധികൃത ആയുധങ്ങള്‍ കൈവശം വച്ചത് തുടങ്ങി മറ്റ് കേസുകള്‍ നേരത്തെ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.