ബെംഗളൂരു: കേക്ക് നിർമ്മാണ ഫാക്ടറിയിൽ ഹൈഡ്രോളിക് ലിഫ്റ്റ് തക‍ർന്ന് വീണ് 19കാരന് ദാരുണാന്ത്യം. ബെംഗളൂരു ചിക്കജാലയിലെ ജസ്റ്റ് ബേക്ക് ബിന്ദു റസീപ്പീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. കേക്ക് നിർമ്മാണ സാമഗ്രികൾ കെട്ടിടത്തിന്റെ വിവിധ നിലകളിലേക്ക് കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലിഫ്റ്റാണ് തകർന്ന് വീണത്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.

സംഭവത്തിൽ സ്ഥാപന ഉടമ, ലിഫ്റ്റ് പ്രവർത്തിപ്പിച്ചിരുന്ന സ്ഥാപനം, ഫാക്ടറി ഇൻചാർജ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആചാര്യ ലേ ഔട്ടിലെ ഭോപേന്ദ്ര ചൗധരിയാണ് അപകടത്തിൽ മരിച്ചത്. മൂന്നുനില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ജോലി ചെയ്യുകയായിരുന്ന ചൗധരി, കേക്ക് നിർമ്മാണ സാമഗ്രികൾ മൂന്നാം നിലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ലിഫ്റ്റ് തകർന്നുവീണത്.

ലിഫ്റ്റ് തകർന്നുവീണതോടെ ചൗധരി താഴേക്ക് പതിക്കുകയും, ലിഫ്റ്റ് ശരീരത്തിന് മുകളിലേക്ക് വീണ് തലയിൽ ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഫാക്ടറിയിലെ ജീവനക്കാർ ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച നിലയിലാണ് ചൗധരിയെ ആശുപത്രിയിൽ എത്തിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.

രണ്ട് മാസം മുൻപാണ് ചൗധരി ഈ ഫാക്ടറിയിൽ ജോലിക്ക് പ്രവേശിച്ചത്. ബന്ധുവായ ഒരാളാണ് ഇയാൾക്ക് ജോലി സംഘടിപ്പിച്ചു നൽകിയത്. സംഭവത്തിൽ ചിക്കജാല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ അടുത്ത ബന്ധുവിന്റെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.