- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണുന്നതെല്ലാം പൊന്നല്ല..; സൂക്ഷിക്കണം..മനസ്സ് ഇളകിയാൽ തീർന്നു; അങ്ങനെയുള്ള കാര്യങ്ങളാണ് പുറത്ത് നടക്കുന്നത്; കൗമാരക്കാർ ഇനിമുതൽ ഫോണും ഷോട്സും ഉപയോഗിക്കരുതെന്ന് യുപി ഖാപ് പഞ്ചായത്ത്
ലഖ്നൗ: കൗമാരക്കാർക്ക് സ്മാർട്ട്‌ഫോണും ഹാഫ് പാന്റും നിരോധിച്ച് ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ഖാപ് പഞ്ചായത്ത്. പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റം തടയുക, പരമ്പരാഗത മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നോട്ടുവെച്ചാണ് ഖാപ് പഞ്ചായത്തിന്റെ ഈ നിർണായക തീരുമാനം. സമൂഹത്തിൽ ദുശ്ശീലങ്ങൾ വർധിക്കുന്നതിന് മൊബൈൽ ഫോണും അനുചിതമായ വസ്ത്രധാരണവും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കർശന വിലക്കേർപ്പെടുത്തിയത്.
ബാഗ്പതിലെ താമ്പാ ദേശ് ഖാപ് ചൗധരി ബ്രജ്പാൽ സിങ്ങാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഹാഫ് പാന്റ് ധരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 18-20 വയസ്സുള്ള ആൺകുട്ടികൾക്ക് മൊബൈൽ ഫോൺ ആവശ്യമില്ലെന്ന് ബ്രജ്പാൽ സിങ് വ്യക്തമാക്കി. കുട്ടികൾ ശരിയായ വിദ്യാഭ്യാസവും സാമൂഹിക മാർഗനിർദേശങ്ങളും ലഭിക്കാൻ കുടുംബത്തോടും മുതിർന്നവരോടും ഒപ്പം സമയം ചെലവഴിക്കണം. മൊബൈൽ ഫോണുകൾ ദുശ്ശീലങ്ങളിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോണുകൾ വീട്ടിൽ മാത്രം സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.
വിവാഹച്ചടങ്ങുകൾ നിയന്ത്രിക്കുന്നതിനും ഖാപ് പഞ്ചായത്ത് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അമിതമായ ചെലവുകൾ ഒഴിവാക്കാനും അതിഥികളുടെ എണ്ണം പരിമിതപ്പെടുത്താനും പുതിയ നിർദേശങ്ങൾ പറയുന്നു. വിവാഹങ്ങൾ ഗ്രാമത്തിലും വീട്ടിലും വെച്ച് നടത്തണം. വിവാഹ ഹാളുകളിലെ ചടങ്ങുകൾ ബന്ധങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് കണ്ടെത്തൽ. വിവാഹ ക്ഷണങ്ങൾ വാട്സാപ്പ് വഴി അയക്കുന്നതിന് അനുവാദമുണ്ട്.
സമൂഹത്തിന്റെ താൽപ്പര്യം മുൻനിർത്തി എടുത്ത ഈ തീരുമാനം പ്രശംസനീയമാണെന്നും രാജസ്ഥാനിലെ സമാനമായ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ബ്രജ്പാൽ സിങ് പറഞ്ഞു. തങ്ങളുടെ തീരുമാനം ഉത്തർപ്രദേശ് മുഴുവൻ നടപ്പാക്കുമെന്നും, ഇതിനായി മറ്റ് ഖാപ് പഞ്ചായത്തുകളുമായി ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രാമങ്ങളിൽ ബോധവൽക്കരണ പ്രചാരണങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. "സമൂഹത്തിന്റെ തീരുമാനം പരമോന്നതമാണ്. മൈനർമാർക്ക് ഫോൺ നൽകേണ്ട ആവശ്യമില്ല. സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വ്യത്യസ്തമാണ്, എന്നാൽ വീട്ടിൽ അത് നിയന്ത്രിക്കണം. പഞ്ചായത്തിന്റെ തീരുമാനം സമയബന്ധിതവും ഉചിതവുമാണ്," പ്രാദേശിക നിവാസിയായ നരേഷ് പാൽ പറഞ്ഞു.




