ന്യൂഡല്‍ഹി: ഷീന ബോറ വധക്കേസില്‍ വിചാരണ നേരിടുന്ന പ്രതി ഇന്ദ്രാണി മുഖര്‍ജിക്ക് വിദേശത്തേക്കുള്ള യാത്രാനുമതി നിഷേധിച്ച് സുപ്രീംകോടതി. വിചാരണ തുടരുന്നതിനിടെയാണ് സ്‌പെയിനിലേക്ക് യാത്ര പോകണമെന്നു കാണിച്ച് ഇന്ദ്രാണി ഹര്‍ജി നല്‍കിയത്. എന്നാല്‍ തിരിച്ചു വരുമെന്ന് ഉറപ്പില്ല എന്നു പറഞ്ഞുകൊണ്ട് കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇക്കാര്യത്തില്‍ ഇന്ദ്രാണിക്കു വിചാരണക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

ജസ്റ്റിസുമാരായ എം എം സുന്ദരേശ്, രാജേഷ് ബിന്ദാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിദേശത്തേക്ക് യാത്ര ചെയ്യണമെന്ന ഇന്ദ്രാണിയുടെ ആവശ്യത്തെ സിബിഐ എതിര്‍ത്തിരുന്നു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് ഇന്ദ്രാണി സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചത്.

ആവശ്യം നിരസിച്ച കോടതി ഒരു വര്‍ഷത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടു. 2012ല്‍ മകള്‍ ഷീന ബോറയെ, മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് ഇന്ദ്രാണി മുഖര്‍ജിയ്ക്കെതിരേയുള്ള കേസ്. മൃതദേഹം വനപ്രദേശത്ത് കൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു. ഷീനയുടെ പ്രണയബന്ധത്തോടുള്ള എതിര്‍പ്പാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു കണ്ടെത്തല്‍.

ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായിയെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തതോടെയാണ് 3 വര്‍ഷത്തിനു ശേഷം കൊലപാതകവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇന്ദ്രാണിയെ അറസ്റ്റ് ചെയ്തു. 2022ലാണ് ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നത്. ഇന്ദ്രാണി മുഖര്‍ജിയെ കുറിച്ചുള്ള 'ഇന്ദ്രാണി മുഖര്‍ജി സ്റ്റോറി: ദ ബറീഡ് ട്രൂത്ത്' എന്ന പേരില്‍ ഒരു ഡോക്യുമെന്ററി പരമ്പര നെറ്റ്ഫ്‌ലിക്സ് ഒരുക്കിയിരുന്നു.