കോട്ട: കോട്ടയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ. ഡല്‍ഹിയില്‍ നിന്നുള്ള 20 വയസ്സുകാരനായ നീറ്റ് പരീക്ഷാര്‍ഥിയെ രാജസ്ഥാനിലെ എന്‍ട്രസ് പരീക്ഷാ പരിശീലന കേന്ദ്രമായ കോട്ടയിലെ പി.ജി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ പട്‌ന സ്വദേശിയായ ലക്കി ചൗധരിയെ ആണ് സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

നീറ്റിന് ഓണ്‍ലൈനായി തയ്യാറെടുക്കുകയായിരുന്നുവെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി കോട്ടയില്‍ താമസിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, അതേ പി.ജിയിലെ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന ബിഹാറില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ഥിയെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്.

ലക്കി ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്ന് മാതൃസഹോദരന്‍ കോശാല്‍ കുമാര്‍ ചൗധരി പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവികത ആരോപിക്കുകയും പട്നയില്‍ നിന്നുള്ള രാഹുല്‍ എന്ന യുവാവിന്റെ പങ്കുണ്ടെന്ന് സംശയിക്കുന്നതായും മോര്‍ച്ചറിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ കോശാല്‍ പറഞ്ഞു. രാഹുലിനെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ല. ലക്കി ചൗധരിയുടെ മൊബൈല്‍ ഫോണും വാലറ്റും കാണാണി?ല്ലെന്നും അദ്ദേഹം പറഞ്ഞു.

ലക്കിയുടെ പിതാവും മകന്റെ മരണത്തിന്റെ സ്വഭാവത്തില്‍ സംശയം പ്രകടിപ്പിച്ചു. രാഹുല്‍ ഒരു വിദ്യാര്‍ഥിയല്ലെന്നും കാമുകിക്കൊപ്പം പലപ്പോഴും മകന്റെ മുറിയില്‍ പോകാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ലക്കിയുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയതായി എ.എസ്.ഐ ലാല്‍ സിങ് പറഞ്ഞു. ബി.എന്‍.എസ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.