ബൻസ്വാര: രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ ആനന്ദപുരിയിൽ 16 പേർക്ക് മാത്രം യാത്ര ചെയ്യാവുന്ന ജീപ്പിൽ അറുപതോളം പേർ തിങ്ങിഞെരുങ്ങി യാത്ര ചെയ്യുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പൊതുഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത വ്യക്തമാക്കുന്ന ഈ വീഡിയോ സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്ക് വഴിവെച്ചു.

പ്രായമായവരും സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ ജീപ്പിന്‍റെ ബോണറ്റിലും പിന്നിലും വശങ്ങളിലും മേൽക്കൂരയിലും സ്റ്റെപ്നിയിലും ഡ്രൈവറുടെ വാതിലിന് മുന്നിൽ പോലും തൂങ്ങിക്കിടന്ന് ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇത്രയധികം ആളുകളുമായി വാഹനം അത്യാവശ്യം വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. യാത്രക്കാർ നിറഞ്ഞതിനാൽ ഡ്രൈവർക്ക് മുന്നിലെ ഗ്ലാസിലൂടെ മാത്രമേ പുറത്തുള്ള കാഴ്ചകൾ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.

പൊതുഗതാഗത സൗകര്യങ്ങളില്ലാത്ത ഗ്രാമത്തിലെ ആളുകൾക്ക് യാത്ര ചെയ്യുന്നതിനായുള്ള ഏക ആശ്രയമാണ് ഈ ജീപ്പുകളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റോഡുകൾ പോലുമില്ലാത്ത ഗ്രാമങ്ങളെക്കുറിച്ചും ബസ് സർവീസുകൾ എത്തിയിട്ടില്ലാത്ത മലയോര ഗ്രാമങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ കർണ്ണാടക മുതൽ മേഘാലയ വരെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ഇതിനുമുമ്പും പുറത്തുവന്നിട്ടുണ്ട്.

വീഡിയോ വൈറലായതിനെത്തുടർന്ന്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും അമിതഭാരം കയറ്റിപോകുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് സമൂഹമാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന്, സംസ്ഥാന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.