ന്യൂഡല്‍ഹി: സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അലഹബാദ് ഹൈക്കോടതി ഉത്തരവിലെ ചില വാചകങ്ങള്‍ നീക്കം ചെയ്യുകയോ, ഭേദഗതി ചെയ്യുകയോ ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ഹൈക്കോടതി ഉത്തരവിനെതിരെ അഞ്ജലി പട്ടേല്‍ എന്ന സ്വകാര്യ വ്യക്തി റിട്ട് ഹര്‍ജിയാണ് സമര്‍പ്പിച്ചത്. ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദം ഉന്നയിക്കാന്‍ ആരംഭിച്ചപ്പോഴേക്കും ജഡ്ജി തടഞ്ഞു. കോടതിയില്‍ പ്രഭാഷണം വേണ്ടെന്നായിരുന്നു ജസ്റ്റിസ് ബേല എം. ത്രിവേദി പറഞ്ഞത്. എന്നാല്‍ ക്രിമിനല്‍ കേസുകളിലടക്കം അപ്പീലുകള്‍ സമര്‍പ്പിക്കുമ്പോള്‍ പ്രത്യേകാനുമതി ഹര്‍ജിയായി വേണം സമീപിക്കാനെന്ന് കോടതി വ്യക്തമാക്കി.

അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയോ, സംസ്ഥാനസര്‍ക്കാരിനോ മാത്രമേ അപ്പീല്‍ നല്‍കാനാകൂ. തുടര്‍ന്ന് ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളി.

ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ പരാമര്‍ശം. പവന്‍, ആകാശ് എന്നിവരുടെ പേരില്‍ പ്രാദേശിക കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. 2021-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി ബലാത്സംഗത്തിന് ശ്രമിച്ചെന്ന കേസില്‍ ഇവരുടെ പേരില്‍ പോക്സോ കേസ് ചുമത്തിയിരുന്നു.

കേസില്‍ സമന്‍സ് അയച്ച പ്രാദേശിക കോടതിയുടെ നടപടിയെ ചോദ്യംചെയ്താണ് ഹര്‍ജി നല്‍കിയത്. ബലാത്സംഗം തെളിയിക്കാന്‍ വ്യക്തമായ തെളിവുകള്‍ വേണമെന്നും ബലാത്സംഗം ശ്രമവും തയ്യാറെടുപ്പും തമ്മില്‍ വലിയ അന്തരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രിയും മറ്റു വനിതാ നേതാക്കളും ആവശ്യപ്പെട്ടിരുന്നു.