- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔട്ടർ റിംഗ് റോഡിൽ ഭയങ്കര ബ്ലോക്ക്; മുന്നോട്ട് പോകാൻ പറ്റാതെ വണ്ടികൾ കുടുങ്ങി; പൊടുന്നനെ കാറിന്റെ ബോണറ്റിന്റെ മുകളിൽ ഷർട്ടിടാതെ എടുത്തുചാടി ഒരാൾ; ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരു: നഗരത്തിലെ ഔട്ടർ റിംഗ് റോഡിൽ കനത്ത ട്രാഫിക് ജാമിനിടെ, അർദ്ധ നഗ്നനായ ഒരാൾ ഗതാഗതക്കുരുക്കിൽപ്പെട്ട കാറിന് മുകളിലേക്ക് ചാടി കയറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി.
നോവോടെൽ ഏരിയക്ക് സമീപമുള്ള തിരക്കേറിയ റോഡിലാണ് സംഭവം നടന്നത്. ഗതാഗതം സ്തംഭിച്ച നിലയിൽ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ഒരു കാറിൻ്റെ ബോണറ്റിലേക്ക് ഷർട്ട് ധരിക്കാതെ നിക്കർ മാത്രം ധരിച്ച ഒരാൾ ചാടികയറുകയായിരുന്നു. കയ്യിൽ ഒരു പൊതിയും ഇയാൾക്കുണ്ടായിരുന്നു. ഡ്രൈവർ വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ തടയുകയും, ഡ്രൈവറോട് ദേഷ്യപ്പെടുകയും കയ്യിലുണ്ടായിരുന്ന പൊതിയിൽ നിന്ന് എന്തോ എടുത്ത് കഴിക്കുകയും ചെയ്ത് ഭീഷണിപ്പെടുത്തുന്നതായി വീഡിയോയിൽ കാണാം.
തുടർന്ന്, ഡ്രൈവർ വാഹനം വേഗത്തിൽ മുന്നോട്ടെടുത്തപ്പോൾ ഇയാൾ കാറിൻ്റെ ബോണറ്റിൽ നിന്ന് തെന്നി റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ നിന്ന് എഴുന്നേറ്റ ഇയാൾ വാഹനത്തെ പിന്തുടർന്ന് വീണ്ടും അതിൻ്റെ മുകളിൽ കയറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് മറ്റു വാഹനങ്ങളിലേക്ക് ഇയാൾ നീങ്ങുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
ഈ സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചതിനാലാകാം ഇയാൾ ഇത്തരത്തിൽ പെരുമാറിയതെന്നും, അല്ലെങ്കിൽ മാനസിക പ്രശ്നങ്ങളുള്ളയാളാണെന്നും പലരും അഭിപ്രായപ്പെട്ടു. തിരക്കേറിയ സമയങ്ങളിൽ ഇത്തരം വിചിത്രമായ പെരുമാറ്റങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്കയും ചിലർ പങ്കുവെച്ചു.