ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ കനത്ത പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് മരണസംഖ്യ 30 ആയി ഉയർന്നു. 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കത്രയിലെ അർധകുമാരിക്ക് സമീപം മാതാ വൈഷ്‌ണോ ദേവി യാത്രാ പാതയിലാണ് ബുധനാഴ്ച കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വലിയ നാശനഷ്ടങ്ങളുണ്ടായത്. കൂടുതൽ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയെത്തുടർന്ന്, പ്രദേശത്ത് തിരച്ചിൽ ഊർജിതമായി തുടരുകയാണ്.

ദോഡ, ജമ്മു, ഉദ്ധംപൂർ എന്നിവിടങ്ങളിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. റോഡുകളും പാലങ്ങളും മുങ്ങിയത് ഗതാഗതത്തെയും സാരമായി ബാധിച്ചു. 22 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. വിവിധ റെയിൽവെ സ്റ്റേഷനുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നിരവധി മേഖലകളിൽ വൈദ്യുതി ലൈനുകളും മൊബൈൽ ടവറുകളും തകർന്നത് വാർത്താവിനിമയ സംവിധാനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കനത്ത മഴ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് ജമ്മു മേഖലയിലെ നിരവധി അന്തർ സംസ്ഥാന റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ദേവക് നദിയിലെ പാലത്തിന്റെ തൂൺ തകർന്നതിനെത്തുടർന്ന് സാംബയിലെ വിജയ്പൂരിന് സമീപം ജമ്മു-പത്താൻകോട്ട് ദേശീയ പാതയിലെ ഗതാഗതം പൂർണ്ണമായി നിർത്തിവെച്ചതായി പൊലീസ് അറിയിച്ചു. ജമ്മു, കത്വ ഭാഗങ്ങളിൽ നിന്നുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവെക്കേണ്ടി വന്നിട്ടുണ്ട്. തുടർച്ചയായ മഴയെ തുടർന്ന് നിരവധി നദികളിൽ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നിട്ടുണ്ട്. ജമ്മു നഗരത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 250 മില്ലിമീറ്ററിലധികം മഴയാണ് ലഭിച്ചത്.