മുംബൈ: കനത്ത മഴയെത്തുടർന്ന് ഉണ്ടായ ണ്ടായ വെള്ളക്കെട്ടിൽ മുംബൈ നഗരം നിശ്ചലമായപ്പോൾ മുട്ടറ്റം വെള്ളത്തിലിരുന്ന് മദ്യപിക്കുന്ന രണ്ടുപേരുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഇംഗ്ലണ്ടിന്റെ മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ 'ലെജന്റ്‌സ്' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

വെള്ളക്കെട്ട് നിറഞ്ഞ വഴിയിൽ പ്ലാസ്റ്റിക് കസേരകളിട്ട് അതിലിരുന്ന് മദ്യപിക്കുന്ന രണ്ടുപേരെയാണ് വീഡിയോയിൽ കാണുന്നത്. ഇവർക്ക് മുന്നിലുള്ള ചെറിയ മേശയിൽ മദ്യക്കുപ്പിയും ഗ്ലാസുകളും വെച്ചിട്ടുണ്ട്. നഗരജീവിതം സ്തംഭിച്ച പ്രതിസന്ധിയിലും കൂസലില്ലാതെയിരിക്കുന്ന ഇവരുടെ ദൃശ്യങ്ങളാണ് പീറ്റേഴ്സൺ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്.

വീഡിയോക്ക് താഴെ നിരവധിപ്പേർ രസകരമായ കമന്റുകളുമായി രംഗത്തെത്തി. 'ഒരു ഇന്ത്യക്കാരന്റെ ജീവിതത്തിലെ സാധാരണ ദിവസം', 'പ്രതിസന്ധികളെ ഞങ്ങൾ ഇങ്ങനെയാണ് ആസ്വദിക്കുന്നത്', 'പുരുഷന്മാർ എപ്പോഴും പുരുഷന്മാർ തന്നെ' എന്നിങ്ങനെയുള്ള പ്രതികരണങ്ങൾ വീഡിയോക്ക് ലഭിച്ചു. കനത്ത മഴയെത്തുടർന്ന് മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരുന്നു. റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിക്കുകയും വിമാന സർവീസുകളെ ഉൾപ്പെടെ ബാധിക്കുകയും ചെയ്തു. സാഹചര്യം കണക്കിലെടുത്ത് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.